തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മോട്ടോര്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിനിടെ തലസ്ഥാനത്ത് സംഘര്‍ഷം.യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചു തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഇടതുസംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തിലാണ് ആക്രമണം അഴിച്ചുവിട്ടത്. സംഘര്‍ഷത്തില്‍ അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ഒരു കാര്‍ യാത്രക്കാരനും പരുക്കേറ്റു. ആക്രമണ സമയത്ത് വളരെക്കുറച്ച് പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കൂടുതല്‍ പോലീസുകാരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
കാറില്‍ സഞ്ചരിക്കുകയായിരുന്നവരെയും സമരക്കര്‍ വെറുതേ വിട്ടില്ല. പിഞ്ചുകുഞ്ഞടങ്ങിയ യാത്രക്കാരെയാണ് സമരക്കാര്‍ ആക്രമിച്ചത്. കാറില്‍ ഒരു പിഞ്ചുകുഞ്ഞ് ഉണ്ട് എന്നു കണ്ടിട്ടും കാറിന്റെ താക്കോല്‍ ഊരിയെടുത്തു. അക്രമികള്‍ കാറിനുമുന്നില്‍ അഴിഞ്ഞാടുകയും ചെയ്തു. പോലീസ് എത്തിയാണ് യാത്രക്കാരെ പിന്നീട് രക്ഷിച്ചത്.
ഇന്‍ഷുറന്‍സ് പ്രീമിയം തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചതടക്കം മോട്ടോര്‍ വാഹന നിയമഭേദഗതികളെ എതിര്‍ത്ത് സംസ്ഥാന വ്യാപകമായി മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.
എംഎസ് യൂണിയന്‍ ഒഴികെയുള്ള സംയുക്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
















