മിയാമി: ഈ വര്‍ഷത്തെ മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ കരോലിനെ വോസ്‌നിയാക്കിയും ജോഹന്ന കോന്‍ടെയും ഏറ്റുമുട്ടും. ജോഹന്ന അമേരിക്കയുടെ 11-ാം സീഡ് വീനസ് വില്യംസിനെയും വോസ്‌നിയാക്കി രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവയെയും അട്ടിമറിച്ചാണ് കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്.
10 സീഡായ ജോഹന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിനസിനെ കീഴടക്കിയത്. സ്‌കോര്‍: 6-4, 7-5.
അതേസമയം ഡാനിഷ് താരം വോസ്‌നിയാക്കി മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌കോവയെ അട്ടിമറിച്ചത്. സ്‌കോര്‍ 7-5, 1-6, 1-6. ആദ്യ സെറ്റ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പ്ലിസ്‌കോവ നേടി. എന്നാല്‍ തുടര്‍ന്നുള്ള സെറ്റുകളില്‍ പ്ലിസ്‌കോവക്ക് ഒന്നു പൊരുതാന്‍ പോലും കഴിഞ്ഞില്ല. ഒരു ഗെയിം മാത്രം വിട്ടുനല്‍കിയാണ് രണ്ടും മൂന്നും സെറ്റുകള്‍ കരോലിനെ വോസ്‌നിയാക്കി സ്വന്തമാക്കിയത്.
















