കുന്നംകുളം: ഒറ്റപ്പിലാവ് സുരേഷ് ബാബു വധക്കേസില്‍ നീതി ലഭിച്ചത് നീണ്ട 23 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം. രാഷ്‌ട്രീയ ഭരണ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ആദ്യം മുതല്‍ നടന്നത്.
കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ അച്ഛന്‍ മാധവനും പ്രദേശത്തെ സംഘ പ്രവര്‍ത്തകരും നാട്ടുകാരുമാണ് നീതി തേടി പരമോന്നത നീതിപീഠത്തിനു മുന്നില്‍ വരെ പോയത്. ഒടുവില്‍ പ്രതികള്‍ തടവറക്കുള്ളിലാകുമ്പോഴും ഒരു ദു:ഖം അവരെ അലട്ടുന്നു. വിധി കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ മാധവന്‍ യാത്രയായി. മകന്റെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടത്തില്‍ ഉറച്ചുനിന്ന ആ പിതാവ് എട്ടു വര്‍ഷം മുന്‍പാണ് മരണമടഞ്ഞത്.
സുരേഷ്ബാബുവിന്റെ അമ്മ അമ്മിണിയും സഹോദരങ്ങളുമാണ് പിന്നീട് കേസില്‍ വാദികളായത്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അമ്മ വിധി അറിഞ്ഞ് വിതുമ്പി. കഴിഞ്ഞ 23 വര്‍ഷം അവര്‍ ജീവിച്ചത് അകാലത്തില്‍ കാപാലികര്‍ വെട്ടിനുറുക്കിയ മകനെ ഓര്‍ത്താണ്.
1993 മാര്‍ച്ച് 10 നാണു കാട്ടുകുളത്ത് വീട്ടില്‍ മാധവന്‍ മകന്‍ സുരേഷ് ബാബു കൊല്ലപ്പെട്ടത്. 19 വയസ്സ് മാത്രമുണ്ടായിരുന്ന ബാബുട്ടനെന്ന് വിളിപ്പേരുള്ള സുരേഷ്ബാബുവിനെ ബസ്സില്‍ നിന്നു പിടിച്ചിറക്കി ബി ജെപിയുടെ കൊടിക്കാലിനു കീഴില്‍ വലിച്ചിട്ട് നിഷ്‌കരുണം വെട്ടിക്കൊല്ലുകയായിരുന്നു.
സിപിഎം മുന്‍ ഏരിയ സെക്രട്ടറി ബാലാജി എം.പാലിശ്ശേരി, പ്രാദേശിക നേതാക്കളായ എം.എന്‍ മുരളീധരന്‍, മുഹമ്മദ്ഹാഷിം, മുജീബ്, ഉമ്മര്‍തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ഇവരെ ഏഴ് വര്‍ഷത്തെ കഠിനതടവിനാണ് സുപ്രീം കോടതി ശിക്ഷിച്ചത്.
ഒന്നാംപ്രതി സെയ്തു മുഹമ്മദിനെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ ഇയാള്‍മരിച്ചു.
കുന്നംകുളം മേഖലയില്‍ സിപിഎമ്മിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് പ്രതികള്‍. മുന്‍ എംഎല്‍എ ബാബു.എം.പാലിശ്ശേരിയുടെ സഹോദരനായ ബാലാജി കടവല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. കോലൊളമ്പ് നിക്ഷപത്തട്ടിപ്പു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. എന്നാലും ഏരിയക്കമ്മിറ്റിയംഗമായി തുരാന്‍ അനുവദിച്ചു. ഇ.പി.ജയരാജനുമായുള്ള അടുപ്പമാണ് ബാലാജിക്ക് പാര്‍ട്ടിയില്‍ തുണയായത്. നാലാഴ്ചക്കകം കീഴടങ്ങാനാണ് പ്രതികള്‍ക്ക് സുപ്രീം കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
















