തിരുവനന്തപുരം: പൊതുപരീക്ഷകള്‍ കൂട്ടത്തോടെ കുഴപ്പത്തിലായിട്ടും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് കുട്ടികളെ വലച്ച ചോദ്യപേപ്പര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ജയിലിലടയ്‌ക്കണം.
കേരളത്തിന്റെ ചരിത്രത്തില്‍ ചോദ്യപേപ്പറുകളില്‍ തെറ്റുവരുന്ന അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ഇത്രയേറെ തെറ്റുകള്‍ സംഭവിച്ചതെന്ന് വിശദീകരിക്കേണ്ട ബാധ്യത വിദ്യാഭ്യാസമന്ത്രിക്ക് ഉണ്ട്. വകുപ്പിലെ ഭരണം ഇടത് അധ്യാപകസംഘടനയായ കെഎസ്ടിഎക്ക് വിട്ടുകൊടുത്തതാണ് കൂട്ടക്കുഴപ്പത്തിന് കാരണമായത്.
കോടിക്കണക്കിന് രൂപയുടെ ചോദ്യപേപ്പര്‍ കുംഭകോണമാണ് അവര്‍ നടത്തിയത്. എസ്എസ്എല്‍സി പോലുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ജോലി പോലും അധ്യാപകസംഘടനയെ ഏല്‍പ്പിച്ച് മാറിനിന്ന വിദ്യാഭ്യാസമന്ത്രി സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന് തെളിയിച്ചിരിക്കുകയാണ്.
രാജിവച്ച് ഒഴിയാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ പുറത്താക്കി കഴിവുള്ളവരെ മന്ത്രിയാക്കണം. ചോദ്യപേപ്പര്‍ കുംഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
















