മൂന്നാര്‍: മൂന്നാറില്‍ ജെല്ലിക്കെട്ട് മോഡൽ സമരത്തിന് ആഹ്വാനം. ജനകീയ സമര സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാറിനെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വൈകീട്ട് മൂന്ന് മണി മുതല്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും.
വ്യാപാര സമിതി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ജനകീയ സമര സമിതി രൂപീകരിച്ചത്. മൂന്നാര്‍ ജനതയെ കയ്യേറ്റക്കാരായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്നാണ് സമര സമിതിയുടെ പ്രധാന ആരോപണം.
മൂന്നാറില്‍ കയ്യേറ്റം വ്യാപകമായിരിക്കുന്നുവെന്ന് എല്ലാ ദൃശ്യ മാധ്യമങ്ങളും പ്രിന്റ് മീഡിയകളും വാര്‍ത്തകള്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഇത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
ഇടുക്കിയിലാകെ കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മൂന്നാറിനെ മാത്രമാണ് മാധ്യമങ്ങള്‍ ലക്ഷ്യംവെയ്‌ക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇത് സംബന്ധിച്ച് മത സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സമര സമിതി നോട്ടീസ് പതിപ്പിട്ടിച്ചിട്ടുണ്ട്. മത, രാഷ്‌ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെ സമരത്തെ പിന്തുണയ്‌ക്കുമെന്നും സമര സമിതി വ്യക്തമാക്കി.
















