കോഴിക്കോട്: തോല്‍ക്കുന്ന സീറ്റില്‍ ഇനി മത്സരിക്കാനില്ലെന്ന് ജെഡിയു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ നിലപാട് വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് നടത്തിയ പ്രസ്താവനയെ അനുകൂലിക്കുകയായിരുന്നു അദ്ദേഹം. വടകര, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ മാത്രമേ ഇനി മത്സരിക്കൂ. പാര്‍ട്ടിക്ക് ശക്തിയില്ലാത്ത പാലക്കാട് പോലുള്ള മണ്ഡലങ്ങളില്‍ മത്സരിക്കില്ല. ഒറ്റയ്‌ക്ക് ജയിക്കാവുന്ന മണ്ഡലം ജെഡിയുവിന് കേരളത്തിലില്ല. എംഎല്‍എമാരും എംപിമാരും പാര്‍ട്ടിക്കുണ്ടാകേണ്ടതുണ്ട്. ഇതിനായുള്ള പദ്ധതികളുമായി മുന്നോട്ട് പോകും.
ജെഡിയു, യുഡിഎഫ് വിടുമെന്ന വാര്‍ത്ത ശരിയല്ല. രാഷ്‌ട്രപതി തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് മുന്നിലുള്ള അജണ്ട. രാഷ്‌ട്രപതി തെരഞ്ഞെടുപ്പോടെ കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം മുന്നണി സംവിധാനത്തില്‍ മാറ്റമുണ്ടാകും. യുഡിഎഫ് ആരംഭിച്ച പദ്ധതികള്‍ നടപ്പാക്കുക മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. പുതിയതായൊന്നും ഉണ്ടാകുന്നില്ല.
മൂന്നാറില്‍ പരിസ്ഥിതിയെ തകര്‍ക്കരുതെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം വലിയ കെട്ടിടങ്ങള്‍ അവിടെ അനുവദിക്കരുത് എന്നാല്‍ 1977ന് അവിടെ താമസമാക്കിയവര്‍ക്ക് പട്ടയം നല്‍കണം. ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള തര്‍ക്കത്തെ ഗൗരവകരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, സംസ്ഥാന നേതാക്കളായ ഷെയ്‌ക് പി. ഹാരിസ്, വി. സുരേന്ദ്രന്‍പിള്ള, ചാരുപാറ രവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















