തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിക്കെതിരായ തൊടുപുഴയിലെ ജില്ലാ കോടതി നടപടി സ്റ്റേ ചെയ്യാനിടയായത് ഒത്തുകളി കാരണമെന്ന് ബേബിയുടെ സഹോദരന്‍. പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാലാണ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടാനായത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ബേബിയുടെ സഹോദരന്‍ അഡ്വ. അഞ്ചേരി ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു.
തൊടുപുഴ ജില്ലാ കോടതിയുടെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കേസില്‍ അഞ്ചേരി ബേബി വധക്കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സിബി ചേനപ്പാടി പ്രോസിക്യൂഷന് വേണ്ടി ഹാജരാകാന്‍ ഹൈക്കോടതിയില്‍ കത്ത് നല്‍കി. എന്നാല്‍ ജില്ലാ കോടതി വിധിക്കെതിരെ മന്ത്രി മണി ഹര്‍ജി നല്‍കിയത് ബന്ധപ്പെട്ടവര്‍ അറിയിക്കാത്തതിനാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കോ അഞ്ചേരി ബേബിയുടെ ബന്ധുക്കള്‍ക്കോ ഇടപെടാന്‍ കഴിഞ്ഞില്ല.
ഹര്‍ജിയെക്കുറിച്ച് അറിഞ്ഞിട്ടും ബേബി വധക്കേസിന്റെ പുനരന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും മണി ഹര്‍ജി നല്‍കിയ കാര്യം മറച്ച് വച്ചു. ഇതാണ് സ്റ്റേ നേടിയെടുക്കാന്‍ മണിക്കും കൂട്ടര്‍ക്കും എളുപ്പമായത്, അഡ്വ. അഞ്ചേരി ജോര്‍ജ് പറഞ്ഞു.
















