കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വിചാരണത്തടവുകാരായ നിധിന്‍, അജേഷ്, അഖിലേഷ്, മഹേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബ്ലേഡുകൊണ്ട് കഴുത്തിനും പുറത്തും ആഴത്തില്‍ പരിക്കേറ്റ മഹേഷിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു.
എ ബ്ലോക്കിലെ വിചാരണത്തടവുകാരന്‍ ഫിറോസ് ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഫിറോസില്‍ നിന്ന് മൊബൈല്‍ ഫോണും മൂര്‍ച്ചയേറിയ ബ്ലേഡുകളും പിടികൂടി. തീവ്രവാദക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് കഴിയുന്നവരില്‍ ചിലരുടെ ഒത്താശയോടെയാണ് അക്രമം.
നാറാത്ത് തീവ്രവാദ പരിശീലനക്കേസ്, അധ്യാപകന്റെ കൈവെട്ട് കേസ് തുടങ്ങി നിരവധി മതതീവ്രവാദക്കേസുകളിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. കഞ്ചാവുകേസില്‍ ജയിലില്‍ കഴിയുന്ന ഫിറോസിനെ ഉപയോഗിച്ച് സഹതടവുകാരെ അക്രമിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. അന്തേവാസികള്‍ കയ്യില്‍ ബ്ലേഡ് ഉള്‍പ്പടെയുള്ളവ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്.
എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണിന്റെയും കഞ്ചാവിന്റെയും ഉപയോഗം വ്യാപകമാണ്. തടവുകാരെ മര്‍ദ്ദിച്ചതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ഫിറോസിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
















