ന്യൂദല്‍ഹി: കള്ളപ്പണവേട്ടയുടെ ഭാഗമായി സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുകളുള്ള പത്ത് പേരുടെ വിവരങ്ങള്‍ ലഭിക്കുവാന്‍ ഇന്ത്യ സ്വിറ്റ്‌സര്‍ലാന്‍ഡിനെ സമീപിച്ചു. രണ്ട് ടെക്സ്റ്റയില്‍സ് കമ്പനികള്‍, കാര്‍പ്പെറ്റ് കയറ്റുമതിക്കാര്‍, ആര്‍ട്ട് മ്യൂസിയം നടത്തിപ്പുകാര്‍ എന്നിവയുമായി ബന്ധപ്പെട്ടവരും ലിസ്റ്റില്‍പ്പെടുന്നു.
ഇത് സംബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് നികുതി വിഭാഗം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് വിശദീകരണം സമര്‍പ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അവസരം നല്‍കാറുണ്ട്. ഈ നോട്ടീസ് ഗസറ്റിലും വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ഒരാഴ്ചക്കുള്ളില്‍ പത്ത് പേര്‍ക്ക് നോട്ടീസ് നല്‍കിയത് വലിയ നടപടിയാണ്. നിയോ കോര്‍പ്പറേഷന്‍ ഇന്റര്‍നാഷണല്‍, സെല്‍ മാനുഫാക്ച്ചറിങ് കമ്പനി ലിമിറ്റഡ് എന്നീ ടെക്സ്റ്റയില്‍സ് സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് പനാമ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ വ്യാജ കമ്പനികളുണ്ട്. ആര്‍ട്ട് മ്യൂസിയം നടത്തുന്നവരും വിവിധ രാജ്യങ്ങളിലേക്ക് കാര്‍പ്പെറ്റ് കയറ്റുമതി നടത്തുകയും ചെയ്യുന്ന അബ്ദുള്‍ റഷീദ് മീര്‍, അമീര്‍ മീര്‍, സബേഹ മീര്‍, മുജീബ് മീര്‍, ടബാസും മീര്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോട്ടേജ് ഇന്‍ഡസ്ട്രീസ് എക്‌സ്‌പോസിഷന്‍, മോഡല്‍സ് എസ്എ ആന്‍ഡ് പ്രോഗ്രസ് വെന്‍ഡറേഴ്‌സ് ഗ്രൂപ്പ് എന്നീ പേരുകളിലാണ് ഇവരുടെ കമ്പനികള്‍. പാനമ പേപ്പറുകളിലൂടെ ചില പേരുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അടുത്ത വര്‍ഷം മുതല്‍ സ്വിസ് ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന പദ്ധതി നടപ്പാക്കുന്ന കരാറില്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും കഴിഞ്ഞ വര്‍ഷം ഒപ്പുവച്ചിരുന്നു.
















