ക്ഷേത്രസന്നിധിയില്‍ നടന്നുവരുന്ന മത്സ്യചന്തയിലെ തിരക്ക്
ഓയൂര്‍ : കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിലെ രോഹിണി ഉത്സവത്തിന്റെ ഭാഗമായി മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് ക്ഷേത്രപരിസരത്ത് മത്സ്യച്ചന്ത. രോഹിണിനാളില്‍ ആരംഭിക്കുന്ന മത്സ്യവ്യാപാരം ക്ഷേത്രതിരുമുന്‍പില്‍ ഇത്തിക്കരയാറിന്റെ തീരത്താണ് നടന്നത്.
ക്ഷേത്രപരിസരത്ത് മത്സ്യവിപണനം നടത്തുന്ന ആചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സമീപ സ്ഥലമായ ഓയൂര്‍ പയ്യക്കോട് മുസ്ലിംപള്ളിയിലെ പുരോഹിതന്‍ സന്താനഭാഗ്യത്തിനായി അരുളപ്പാടുണ്ടായതിനെ തുടര്‍ന്ന് വെളിനല്ലൂര്‍ ക്ഷേത്ര സന്നിധിയില്‍ ഭജനമിരുന്നു. ഈ അപൂര്‍വഭക്തിയുടെ പിന്തുടര്‍ച്ചയായിട്ടാണ് ക്ഷേത്രസന്നിധിയില്‍ മുസ്ലിം സമുദായത്തിന്റെ മേല്‍നോട്ടത്തില്‍ മത്സ്യവ്യാപാരം ഇന്നും തുടരുന്നത്. ഇവിടെ നിന്ന് ഉപ്പും ചുണ്ണാമ്പും മത്സ്യവും വാങ്ങുന്നത് ദൈവസമര്‍പ്പണം ആണെന്നാണ് വിശ്വാസം. പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന മത്സ്യവിപണിയിലേക്ക് ദൂരെ ദിക്കില്‍ നിന്നുപോലും ജാതിമതഭേദമന്യേ ആയിരങ്ങള്‍ എത്തുന്നു.
കളിമണ്‍ പാത്രങ്ങള്‍ മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഉത്പ്പന്നങ്ങളും ഇവിടെ നിന്നു വാങ്ങാന്‍ കഴിയും. ഇതിനോട് അനുബന്ധമായി തൊട്ടടുത്ത സ്ഥലമായ കാളവയല്‍ ഗ്രാമത്തിലെ കന്നുകാലിച്ചന്തയാണ് ഏറെ ശ്രദ്ധേയം. നാട്ടിലെ ഉരുക്കളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും കാളകളെയും പോത്തുകളെയും കൊണ്ടുവന്ന് ഇവിടെ വിപണനം നടത്തുന്നുണ്ട്.
















