ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്. ആലുവ പാലസില്‍ തനിക്ക് നിവേദനം നല്‍കാനെത്തിയ മണിയുടെ സഹോദരന്‍ ആര്‍എല്‍വി. രാമകൃഷ്ണനാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ എന്നിവരോടൊപ്പമാണ് രാമകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയെ കാണാനെത്തിയത്.
കേസുകളുടെആധിക്യം കാരണം ഈ കേസ് ഏറ്റെടുക്കുവാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നാണ് സിബിഐ 29ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് സംബന്ധിച്ച് ഹൈക്കോടതിയുടെ അന്തിമ വിധി നാലിനുണ്ടാകും. ഇതിനിടയിലാണ് രാമകൃഷ്ണന്‍ കേസ് സിബിഐ ഏറ്റെടുത്ത് സത്യാവസ്ഥ പുറത്ത് വരുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്.
കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഏറ്റെടുക്കുവാന്‍ സിബിഐ തയ്യാറാകാതെ വന്നപ്പോഴാണ് ആര്‍എല്‍വി രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും ഹൈക്കോടതിയെ സമീപിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജു, കെ. വി.അശോക്കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
















