കോട്ടയം: പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഡ്രസ് കോഡ് നിര്‍ദ്ദേശിച്ച് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ദേവാലയങ്ങളിലെത്തുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രമെന്തായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബിഷപ്പിന്റെ ഇടയലേഖനം 23ന് ഇടുക്കി രൂപതയ്‌ക്കു കീഴിലുള്ള പള്ളികളില്‍ വായിക്കും.
ദേവാലയത്തിലോ വിശുദ്ധ ഗ്രന്ഥ വായനയ്‌ക്കായി വചന വേദിയിലോ വരുമ്പോള്‍ പെണ്‍കുട്ടികള്‍ മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കണം. സ്ത്രീകള്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രമേ ധരിക്കാവൂ. മാതാപിതാക്കള്‍ മക്കളുടെ മുന്നില്‍വച്ച് കത്തോലിക്കാ സഭയെയോ പുരോഹിതരെയോ സന്യസ്തരെയോ വിമര്‍ശിക്കാന്‍ പാടില്ല. ഇത് ദൈവവിളി കുട്ടികള്‍ക്കു കിട്ടാതിരിക്കാനിടയാക്കും.
മാതാപിതാക്കള്‍ മക്കളെ വേഷം ധരിപ്പിച്ച് പ്രദര്‍ശന വസ്തുവാക്കരുത്. അവരെ ആധുനിക ഭ്രമങ്ങളില്‍ നിന്നു നിയന്ത്രിക്കണം. സഭ്യതയുള്ള വേഷം മാത്രം നല്‍കണം. ജോലി, സമ്പത്ത്, പഠനം എന്നീ കാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുമ്പോള്‍ ദൈവവിളിക്കായുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടു പോവുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
ഹൃദയ, ശരീര ശുദ്ധി നഷ്ടപ്പെട്ട് പലര്‍ക്കും വിവാഹ വേദിയിലെത്തേണ്ടി വരുന്നുണ്ടെങ്കില്‍ ഇതിനു കാരണം വിശ്വാസമില്ലായ്‌മയാണ്. അമിതമായ മൊബൈല്‍ ഫോണിന്റെയും ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയുടെയും ഉപയോഗം മക്കളെ വഴിതെറ്റിക്കുന്നുണ്ട്. നവജാത ശിശുക്കളുടെ മാമോദീസ ജനിച്ച് എട്ടാമത്തെ ദിവസം തന്നെ നടത്തുന്ന പഴയ പതിവ് തിരികക്കൊണ്ടുവരണം.
മക്കളെ സിവില്‍ സര്‍വ്വീസില്‍ എത്തിക്കണം
രാഷ്‌ട്രീയത്തില്‍ നല്ല നേതാക്കള്‍ ഉണ്ടാകാന്‍ മക്കളെ നേതൃവാസനയില്‍ വളര്‍ത്തിക്കൊണ്ടുവരണം. രാജ്യഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വീസ,് പബ്ലിക് സര്‍വീസ് മേഖലകളില്‍ കുട്ടികളെ അയച്ചാല്‍ ഭരണതലത്തിലും അധികാരതലത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ അവസരമൊരുക്കുമെന്നും പറഞ്ഞാണ് ഇടയേലഖനം അവസാനിപ്പിക്കുന്നത്.
















