കൊച്ചി : മുന്‍മന്ത്രി എ കെ ശശീന്ദ്രന്റെ സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്ത് വിട്ട് പെണ്‍കെണി ഒരുക്കിയ കേസില്‍ മംഗളം ചാനല്‍ ചെയര്‍മാനും സിഇഒയുമടക്കം ഒമ്പതുപേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഏപ്രില്‍ ആറിനു പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളി. കേസുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ചാനല്‍ മാനേജ്‌മെന്റ് തീരുമാനിച്ചതനുസരിച്ച് സമൂഹത്തിലെ ഉന്നതരുമായി സംഭാഷണം നടത്താനും സജീവ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും അണിയറ പ്രവര്‍ത്തകര്‍ പലരെയും സമീപിച്ചിരുന്നു. എകെ ശശീന്ദ്രനെ സമീപിക്കാന്‍ ഒരു വനിതയെയാണ് നിയോഗിച്ചത് . എന്നാല്‍ അദ്ദേഹത്തിന്റെ സംഭാഷണം ശരിയായ രീതിയിലായിരുന്നില്ല. തുടര്‍ന്നു ജീവനക്കാരി ഇക്കാര്യം മാനേജ്‌മെന്റിന്റെ അറിയിച്ചു. രാത്രി രണ്ടു മണിക്കു വരെ മന്ത്രി വിളിച്ച സംഭവമുണ്ടായപ്പോള്‍ കാള്‍ റെക്കോര്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് പറഞ്ഞു. ഇരയെന്ന നിലയില്‍ വനിതയുടെ വിവരങ്ങള്‍ പുറത്തു വിട്ടില്ല.
മന്ത്രിമാരില്‍ ചിലര്‍ മാധ്യമ പ്രവര്‍ത്തകരോടു പോലും ഇങ്ങനെയാണ് പെരുമാറുന്നതെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കാനാണ് വാര്‍ത്ത നല്‍കിയത്. രാജി വെച്ച മുന്‍ മന്ത്രിക്ക് ഇതില്‍ പരാതിയില്ല. എന്നിട്ടും പൊതു താല്പര്യമില്ലാത്ത കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ പറയുന്നു. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സിഇഒ ആര്‍. അജിത് കുമാര്‍, ന്യൂസ് എഡിറ്റര്‍മാരായ എസ്.വി. പ്രദീപ്, ഫിറോസ്, മഞ്ജിത്ത് വര്‍മ്മ, കോ – ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എം.ബി. സന്തോഷ്, ന്യൂസ് കോ- ഓര്‍ഡിനേറ്റര്‍ ഋഷി. കെ. മനോജ്, വാര്‍ത്ത അവതാരക ലക്ഷ്മി മോഹന്‍, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ. ജയചന്ദ്രന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇന്നലെ അറസ്റ്റ് ഒഴിവാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സിംഗിള്‍ബെഞ്ചും വിശദീകരിച്ചു.
















