മുംബൈ: എഞ്ചിനീയറിംഗ് വിദ്യാർത്ഥി താജ് ഹോട്ടലിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിയായ അരുൺ ഭദ്രയാണ്(24) സബർബൻ ബാന്ദ്രയിലുള്ള താജ് ഹോട്ടലിന്റെ പത്തൊൻപതാമത്തെ നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച പത്തൊൻപതാമത്തെ നിലയിൽ സ്യൂട്ട് റൂം ബുക്ക് ചെയ്ത അരുൺ വൈകീട്ട് ആറ് മുപ്പതോടു കൂടി ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു. ഇതിനു മുന്നോടിയായി ആത്മഹത്യ ചെയ്യാൻ പോകുന്ന ദൃശ്യങ്ങൾ അരുൺ മൊബൈലിൽ പകർത്തി. തുടർന്ന് ഈ വീഡീയോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
താൻ മയക്കുമരുന്നിന് അടിമയാണെന്നും ഒരിക്കലും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പിൽ അരുൺ പറയുന്നത്. നിലത്തുവീണ അരുൺ ഉടൻ തന്നെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















