ന്യൂദൽഹി: സനാതന്‍ സന്‍സ്ത നേതാവ് സാധ്‌വി പ്രജ്ഞാ സിംഗ്, ഇന്ദ്രേഷ് കുമാർ എന്നിവർക്കെതിരെയുള്ള 2007ലെ അജ്മീർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉപേക്ഷിച്ചു. കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു എന്ന റിപ്പോർട്ട് രാജസ്ഥാനിലെ പ്രത്യേക കോടതിക്ക് മുൻപാകെ സമർപ്പിച്ചു.
അജ്മീര്‍ സ്‌ഫോടനക്കേസില്‍ ഇന്ദ്രേഷ് കുമാറിനും സാധ്‌വി പ്രജ്ഞക്കും യാതൊരു പങ്കുമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇവര്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം സന്ദീപ് ഡാങ്കെ, സുരേഷ് നായര്‍, രാം ചന്ദ്ര കല്‍സാങ്കര എന്നിവര്‍ക്കെതിരെ വിചാരണ തുടരും. കേസില്‍ ഏപ്രില്‍ 17ന് വാദം കേള്‍ക്കും. നേരത്തെ എന്‍ഐഎ പ്രത്യേക കോടതി ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് രാജസ്ഥാന്‍ എടിഎസ് ആദ്യം അന്വേഷിച്ചെങ്കിലും പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. കേസില്‍ 149 സാക്ഷികളെയും 451 രേഖകളും കോടതി പരിഗണിച്ചു. കേസിലെ മുഖ്യ ആസൂത്രകനാണ് സ്വാമി അസീമാനന്ദ എന്നാണ് എന്‍ഐഎ ആരോപിച്ചിരുന്നത്. എന്നാല്‍, തെളിയിക്കാനായില്ല.
















