ജയ്‌പൂര്‍: മുസ്ലീങ്ങള്‍ കശാപ്പു ജോലികളില്‍നിന്നും ബീഫ് കഴിക്കുന്നതില്‍നിന്നും പിന്‍മാറണമെന്ന് അജ്‌മീര്‍ ദര്‍ഗ ഷെരീഫ് സൈനുള്‍ അബ്ദിന്‍ ഖാന്‍. എല്ലാത്തരം കന്നുകാലികളെ കൊല്ലുന്നതും ബീഫിന്റെ വില്‍പന നിരോധിക്കുന്നതും സാമുദായിക സൗഹാര്‍ദം വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പശുക്കളെ കൊല്ലരുതെന്ന് ബാബര്‍ പോലും മകനോട് പറഞ്ഞിരുന്നു. ഇറച്ചിക്കൊതി മൂത്ത് മൃഗങ്ങളെ കൊല്ലുന്നത് തെറ്റാണ്. ഇതരമതങ്ങളോട് സഹാനുഭൂതിയോടെ പെരുമാറുക ഓരോരുത്തരുടെയും കടമയാണ്. പശുക്കള്‍ ഹിന്ദുക്കള്‍ക്ക് വിശുദ്ധ മൃഗമാണ്. അതിനാല്‍ നമുക്ക് പശുവിറച്ചി തീറ്റ നിറുത്താം. നമ്മുടെ ആരോഗ്യത്തിനും അതാണ് നല്ലത്. ഇതു രാജ്യത്ത് മികച്ച സന്ദേശം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
താനും കുടുംബാംഗങ്ങളും ഇനി ബീഫ് കഴിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തതായും അദ്ദേഹം പറഞ്ഞു. ഖ്വാജാ മോയ്ദീന്‍ ചിഷ്ടിയുടെ 805മത് ഊര്‍സിന്റെ ഭാഗമായി രാജ്യത്തെ വിവിധ പള്ളികളിലെ ആത്മീയ നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് ശരിയത്ത് നിയമത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമം ലംഘിക്കുന്നതില്‍നിന്ന് മുസ്ലിങ്ങള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ഇരുപത്തിരണ്ടാമത് തലമുറയില്‍ പെട്ടയാളാണ് അബ്ദിന്‍ ഖാന്‍. ഗോവധം രാജ്യവ്യാപകമായി വിലക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















