തൊടുപുഴ: ന്യൂമാന്‍ കോളേജില്‍ എസ്എഫ്ഐയുടെ പ്രതിഷേധ സമരത്തിനിടെ ആക്രമണം. പ്രിന്‍സിപ്പലിന്റെ ഓഫീസ് അടിച്ച് തകര്‍ന്നു. പോലീസ് നോക്കി നില്‍ക്കേയായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.
പിരിച്ച് വിട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമാണ് ആക്രമാസക്തമായത്. ഓഫീസിലെ ജനല്‍ ചില്ലുകളും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ത്ത എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ഫയല്‍ രേഖകള്‍ ഉള്‍പ്പടെ നശിപ്പിച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉള്ളതായും കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ എസ്എഫ്ഐ തൊടുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ സമീപ കോളേജുകളിലേയും വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ തുടര്‍ന്ന സമരം ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെ പ്രിന്‍സിപ്പല്‍ പുറത്തേയ്‌ക്ക് പോകാന്‍ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേയ്‌ക്ക് നീങ്ങുകയായിരുന്നു.
ചില്ല് അടിച്ചു തകര്‍ക്കുന്നതിനിടയില്‍ സമരത്തിനുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കൈയ്‌ക്ക് മുറിവേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
















