തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ജി.സുധാകരന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാതയോരത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യത്തില്‍ മറ്റ് മദ്യശാലകളിലെ അനിയന്ത്രിതമായ തിരക്ക് ക്രമസമാധാനപ്രശ്‌നങ്ങളിലേക്കുകൂടി നയിക്കുന്ന സാഹചര്യത്തിലാണ് യോഗം നടന്നത്.
സാവകാശം നല്‍കുന്ന കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. അറ്റോര്‍ണി ജനറലാണ് കേരളത്തിനായി ഹര്‍ജി തയ്യാറാക്കുക.ഹര്‍ജി നല്‍കാന്‍ ഋഷിരാജ് സിങിനെ യോഗം ചുമതലപ്പെടുത്തി.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സുപ്രീംകോടതി വിധി വിലയിരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ അറിയിക്കും.
ജനങ്ങളുടെ പ്രതിഷേധം, നികുതി വരുമാനത്തിലെ കുറവ് എന്നിവ പ്രധാനമായും കോടതിയെ അറിയിക്കും. അതേസമയം, വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് ജനവികാരം മാനിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
















