മുംബൈ: കിശോരി അമോങ്കറുടെ മരണത്തോടെ നഷ്ടമായത് മഹാപ്രതിഭയെ.ഹിന്ദുസ്ഥാനി സംഗീതത്തില്‍ സ്വന്തമായ പാത വെട്ടിത്തുറക്കുകയും അതിലൂടെ പ്രശസ്തിയുടെ ഗാന ഗോപുത്തിലേക്ക് നടന്നുകയറുകയും ചെയ്ത് അമോങ്കര്‍ ജെയ്‌പ്പൂര്‍ ഖരാന പരമ്പര്യത്തിലാണ് അഭിരമിച്ചത്.
84 വയസായ അവര്‍ തിങ്കളാഴ്ച രാത്രി പത്തു മണിയോടെ മുംബൈയിലെ വസതിയിലാണ് അന്തരിച്ചത്.1932 ഏപ്രില്‍ പത്തിനാണ് ജനനം. പ്രമുഖ ഹിന്ദുസ്ഥാനി ഗായിക മോഗുബായ് കുര്‍ദിക്കറുടെ മകളാണ്. ജെയ്‌പ്പൂര്‍ ഖരാനയിലെ തലതൊട്ടപ്പനായ അല്ലാദിയ ഖാന്‍ സഹേബിന്റെ ശിക്ഷണത്തിലാണ് ശാസ്ത്രീയ സംഗീതം പഠിച്ചത്. പക്ഷെ അമ്മയില്‍ നിന്നും ഗുരുവില്‍ നിന്നും വ്യത്യസ്ഥമായ ശൈലിയിലായിരുന്നു അമോങ്കറുടെ ആലാപനം. പൗരാണിക ഗാനശൈലികളും, രാഗങ്ങളും ആഴത്തില്‍ പഠിച്ചു. ഭജനുകള്‍, ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍ തുടങ്ങിയവയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ഏതു ശാഖയിലാണെങ്കിലും ആലാപനത്തിലെ ഒഴുക്കും വാക്കുകളുടെ ഉച്ചാരണത്തിലെ സ്ഫുടതയും ശൈലിയുടെ ചേതനയും വേറിട്ടതായിരുന്നു. ജെയ്‌പ്പൂര്‍ ഖരാന പാരമ്പര്യത്തെ മറ്റു ശൈലികളുമായി സംയോജിപ്പിച്ചതിന് പ്രശംസക്കൊപ്പം വിമര്‍ശനങ്ങളും നേരിട്ടു.
നല്ല പ്രഭാഷക കൂടിയായിരുന്നു. ഭാരതമെങ്ങും സഞ്ചരിച്ച് സംഗീതത്തിലെ ഭാവരസങ്ങളെപ്പറ്റി ക്‌ളാസുകളെടുത്തു. 1987ല്‍ പദ്മഭൂഷണും 2002ല്‍ പദ്മവിഭൂഷണും നല്‍കി രാഷ്‌ട്രം അവരെ ആദരിച്ചു.2010ല്‍ സംഗീത നാടക അക്കാദമി ഫെലോ ആയി.
അമോങ്കറുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. ഹിന്ദുസ്ഥാനി സംഗീത ശാഖയ്‌ക്ക് വലിയ നഷ്ടമാണ് ഇതുവഴി ഉണ്ടായതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
















