മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കിരീടപോരാട്ടം മുറുകുന്നു. ബുധനാഴ്ച രാത്രി നടന്ന പോരാട്ടങ്ങൡ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയും കരുത്തരായ റയല്‍ മാഡ്രിഡും വിജയിച്ചതോടെയാണ് കിരീടപോരാട്ടം ആവേശത്തിലേക്ക് നീങ്ങുന്നത്. ബാഴ്‌സലോണ തങ്ങളുടെ 30-ാം മത്സരത്തില്‍ 3-0ന് സെവിയയെ തകര്‍ത്തപ്പോള്‍ റയല്‍ 29-ാം പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ലെഗാനസിനെ കീഴടക്കി. ഒന്നാമതുള്ള റയലിന് 71 പോയിന്റും രണ്ടാമതുള്ള ബാഴ്‌സക്ക് 69 പോയിന്റുമാണുള്ളത്.
സെവിയക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ടഗോളും സുവാരസിന്റെ ഒരു ഗോളുമാണ് ബാഴ്‌സക്ക് മികച്ച ജയം സമ്മാനിച്ചത്. ആദ്യപകുതിയില്‍ എട്ട് മിനിറ്റിനിടെയായിരുന്നു മൂന്ന് ഗോളുകളും. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്‌സ 25-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഇതിന് മുമ്പ് അഞ്ചാം മിനിറ്റില്‍ മെസ്സിയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി തെറിക്കുകയും ചെയ്തു. വലതുവിംഗില്‍ക്കൂടി മുന്നേറിയശേഷം മെസ്സി നല്‍കിയ ക്രോസ് നല്ലൊരു സിസര്‍കട്ടിലൂടെയാണ് സുവാരസ് വലയിലെത്തിച്ചത് (1-0). മൂന്നുമിനിറ്റിനുശേഷം മെസ്സിയിലൂടെ കറ്റാലന്‍സ് ലീഡ് ഉയര്‍ത്തി. സുവാരസിന്റെ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. 33-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനൊടുവില്‍ മെസ്സിയുടെ ഇടംകാലന്‍ ഷോട്ട് വീണ്ടും നെറ്റില്‍ പതിച്ചതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ണ്ണം.
രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ അല്‍വാരോ മൊറാട്ടയുടെ ഹാട്രിക്കാണ് ലെഗാനസിനെതിരെ റയല്‍ മാഡ്രിഡിന് മികച്ച ജയം സമ്മാനിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലിറങ്ങിയ റയലിനായി 18, 23, 48 മിനിറ്റുകളിലായിരുന്നു മൊറാട്ടയുടെ സ്‌കോറിങ്. 15-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിലൂടെയാണ് റയല്‍ ഗോളടിക്ക് തുടക്കമിട്ടത്. ലെഗാനസിനായി 32-ാം മിനിറ്റില്‍ പിറസും 34-ാം മിനിറ്റില്‍ നെവസും ലക്ഷ്യം കണ്ടു.
















