ബെംഗളൂരു: അവിഹിത സ്വത്തു കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല സകല ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് 28 സന്ദര്‍ശകരെ കണ്ടു. വെറും 31 ദിവസത്തിനിടെ 14 തവണയായിട്ടാണ് 28 പേരെ കണ്ടത്. ഇതിന് ജയിലധികൃതര്‍ കൂട്ടുനിന്നിട്ടുണ്ടെന്നാണ് സൂചന.
കര്‍ണ്ണാടക ജയില്‍ മാന്വല്‍, ജയില്‍ ചട്ടങ്ങള്‍ എന്നിവ പ്രകാരം പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഒരു ദിവസം മാത്രമേ ബന്ധുക്കളെയും സൃഹുത്തുക്കളെയും അഭിഭിഷകരെയും കാണാന്‍ സാധിക്കൂ. എന്നാല്‍ 9234ാം നമ്പര്‍ പ്രതിയായ ശശികല ഇത് പാലിച്ചിട്ടില്ല. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 18വരെയായി അവര്‍ 28 സന്ദര്‍ശകരെ കണ്ടു. ഓരോരുത്തരും മുക്കാല്‍ മണിക്കൂറോളമാണ് അവര്‍ക്കൊപ്പം ചെലവിട്ടത്.
ബന്ധുവും ആര്‍കെനഗര്‍ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരന്‍, ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈ എന്നിവരടക്കം നിരവധി പ്രമുഖരാണ് ശശികലയെ നിരന്തരം ജയിലില്‍ സന്ദര്‍ശിച്ചത്. ഒരാള്‍ക്ക് പത്തു മിനിറ്റു മാത്രമേ അനുവദിക്കാവൂയെന്നുള്ളപ്പോഴാണ് മുക്കാല്‍ മണിക്കൂര്‍ വരെ ഓരോ സന്ദര്‍ശകനും എടുത്തത്.
















