ശ്രീനഗര്‍: കശ്മീരില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടര്‍ന്ന് മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് നാല് സാധാരണക്കാരും കശ്മീരില്‍ മരിച്ചു. ഝലം നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്.
ലഡാക്കിലെ ബതാലിക് സെക്ടറില്‍ സൈനിക പോസ്റ്റിന് മുകളിലേക്ക് മഞ്ഞിടിഞ്ഞു വീണാണ് മൂന്നു സൈനികര്‍ മരിച്ചത്. അഞ്ചു പേര്‍ മഞ്ഞിലകപ്പെട്ടെങ്കിലും രണ്ടുപേരെ സൈന്യത്തിന് രക്ഷിക്കാനായി. കാര്‍ഗിലില്‍ അച്ഛനും മകനും മഞ്ഞിനടിയില്‍ പെട്ട് മരിച്ചു. രജൗറിയില്‍ ഒരു സ്ത്രീയും കുപ് വാരയില്‍ ഒരു പെണ്‍കുട്ടിയും പ്രളയജലത്തില്‍ അകപ്പെട്ട് മരിച്ചു. ലഡാക്കില്‍ വലിയ മഞ്ഞുവീഴ്ചയും താഴ് വരയില്‍ അതിശക്തമായ മഴയുമാണ് ദുരന്തം വിതയ്‌ക്കുന്നത്.
സംസ്ഥാനത്തെ ദുരന്തവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഏതു സാഹചര്യം നേരിടാനുള്ള അടിയന്തിര സഹായങ്ങളും സംസ്ഥാനത്തിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. 2014ലെ പ്രളയത്തിന് സമാനമാണ് സാഹചര്യങ്ങളെന്നാണ് ലഭിക്കുന്ന വിവരം.
ശ്രീനഗര്‍ നഗരത്തിലും ജലവിതാനം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ജമ്മു-ശ്രീനഗര്‍ ദേശീയപാത തുടര്‍ച്ചയായ മൂന്നാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. ബാരാമുള്ള ജില്ലയിലെ നിരവധി വീടുകള്‍ കനത്ത മഴയില്‍ തകര്‍ന്നു വീണിട്ടുണ്ട്. പ്രളയം ആരംഭിച്ചതോടെ വിഘടനവാദികളുടെ സൈന്യത്തിനെതിരായ കല്ലേറ് സമരം അവസാനിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. അനന്ത്‌നാഗ് ജില്ലയിലെ ദന്തിപുരയില്‍ പ്രളയത്തില്‍ അകപ്പെട്ട സുമോ വാനില്‍ കുടുങ്ങിയ എല്ലാവരേയും അതിസാഹസിക ദൗത്യത്തിലൂടെയാണ് സൈന്യം രക്ഷിച്ചത്.
















