ഹിമന്തബിശ്വ ശര്‍മ്മ
ദിസ്പൂര്‍: അസമില്‍ രണ്ട് കുട്ടികളിലധികമുള്ളവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല.
ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനസംഖ്യാനയം ബില്ലിന്റെ കരട് തയ്യാറാക്കിയതായി വിദ്യാഭ്യാസമന്ത്രി ഹിമന്തബിശ്വ ശര്‍മ്മ പറഞ്ഞു.
സര്‍വകലാശാല തലം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. എല്ലാത്തരത്തിലുള്ള ഫീസുകളും യാത്രാ സൗജന്യം, ബുക്ക്, ഹോസ്റ്റല്‍, മെസ് തുടങ്ങിയ സൗകര്യങ്ങളും വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കും.
സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ഏതൊരാളും വിരമിക്കുന്നത് വരെ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ലായെന്ന തത്വം പിന്‍തുടരേണ്ടതുണ്ട്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ലഭിക്കുകയുള്ളു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവര്‍ക്കും ഈ നിയമം ബാധകമായിരിക്കും.
വിവാഹം കഴിക്കുന്നതിന് ആണ്‍കുട്ടികള്‍ക്ക് 21 വയസും പെണ്‍കുട്ടികള്‍ക്ക് 18 വയസും പൂര്‍ത്തിയായിരിക്കണം. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിലും സര്‍ക്കാര്‍ ജോലികളിലും 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായും മന്ത്രി പറഞ്ഞു. ബിജെപിയുടെ വിഷന്‍ ഡോക്യുമെന്റില്‍ ഇക്കാര്യം പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
















