ന്യൂദല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്‍പന നിരോധിച്ച സുപ്രീംകോടതി ഉത്തരവില്‍ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെയും തദ്ദേശ സ്വയംഭരണ മേഖലകളിലെയും മദ്യ വില്‍പന തടയാന്‍ കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. മദ്യവില്‍പ്പന ശാലകള്‍ പാതകളില്‍ നിന്ന് കാണുന്ന തരത്തിലാവരുത്. ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും വകുപ്പുകള്‍ ഏകോപിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കണം. കോടതി ഉത്തരവ് നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം കലക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കുമാണ്.
ഉത്തരവ് മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദ്ദേശമെത്തിയത്. ഉത്തരവ് പുനപരിശോധിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഷ്‌ട്രപതിയുടെ റഫറന്‍സ് തേടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ടായി. ഏതാനും സംസ്ഥാനങ്ങള്‍ സംസ്ഥാന പാതകളെ നഗര പാതകളാക്കി ഉത്തരവ് മറികടക്കാന്‍ ശ്രമിച്ചു.
വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ പൂര്‍ണ്ണമായും പാതയോരത്തു നിന്നും മാറ്റി സ്ഥാപിക്കുന്നതിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കുന്നില്ല.
















