കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയടക്കമുള്ള ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോയി കാണണമായിരുന്നുവെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. മുഖ്യമന്ത്രി നേരത്തെ അത് ചെയ്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഇത്ര മൂര്‍ച്ഛിക്കില്ലായിരുന്നു. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ നേരത്തെ തന്നെ മഹിജയെ സന്ദര്‍ശിക്കുമായിരുന്നെന്നും മുകുന്ദന്‍ കോഴിക്കോട്ട് പറഞ്ഞു. സി.വി. കുഞ്ഞിരാമന്‍ സാഹിത്യപുരസ്‌കാരം പുനത്തില്‍ കുഞ്ഞബ്ദുള്ളയ്‌ക്ക് സമ്മാനിക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകന്ന് പോവുന്നത് ശരിയല്ല. ജനങ്ങളുമായി നിരന്തരമായി ബന്ധപ്പെടാനാണ് ശ്രമിക്കേണ്ടത്. പ്രശ്‌നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുമ്പോള്‍ പിണറായി വിജയന് പ്രവര്‍ത്തിക്കാന്‍ സാവകാശം ലഭിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയ്‌ക്ക് മുമ്പ് സംഭവിച്ചതും അതാണ്. സമയവും സാവകാശവും അനുവദിച്ച് മുഖ്യമന്ത്രിയെ ഭരണം നടത്താന്‍ അനുവദിക്കണം. അധികാരത്തിന് പുറത്തുനിന്നുകൊണ്ട് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്ന ഏതൊരു പാര്‍ട്ടിയും അധികാരം ലഭിച്ചാല്‍ അത് നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് പരിശ്രമിക്കുന്നത്.
പൊതുജനങ്ങളുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് വന്ന് അവര്‍ക്ക് വേണ്ടി സംസാരിക്കുന്നത് പലപ്പോഴും സാംസ്‌കാരിക നായകരാണ്. അല്ലാതെ രാഷ്‌ട്രീയനേതാക്കളല്ല. സമൂഹത്തില്‍ എഴുത്തുകാരന്‍ ഒരിക്കലും നൂറ് ശതമാനവും സ്വതന്ത്രനല്ലെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
















