തങ്കമ്മ, കെ.ബി.മുഹമ്മദലി എകെജിയോടൊപ്പം
തിരുവനന്തപുരം: പിണറായിക്കറിയുമോ ഷാജഹാന്റെ അച്ഛന്‍ കെ.ബി.മുഹമ്മദാലിയെ? ചോദിക്കുന്നത് മകന്റെ മോചനത്തിനായി നിരാഹാരം കിടക്കുന്ന കെ.എം.ഷാജഹാന്റെ അമ്മ 80 വയസ്സുള്ള എല്‍.തങ്കമ്മയാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായി ഇരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയ കെ.ബി.മുഹമ്മദാലിയുള്‍പ്പെടെയുള്ളവരെ മറക്കരുതെന്ന് തങ്കമ്മ ഓര്‍മ്മിപ്പിക്കുന്നു.
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിച്ച് ഉച്ചസ്ഥായിയില്‍ നില്‍കുന്ന കാലഘട്ടം. അന്ന് ചങ്ങനാശ്ശേരിയിലെ വിപ്ലവ നായകനായിരുന്നു കെ.ബി.മുഹമ്മദാലി. സമ്പന്നകുടുംബത്തില്‍ നിന്ന് കമ്യൂണിസ്റ്റ് ആശയത്തിലേക്ക് പടര്‍ന്നുകയറിയ വിപ്ലവകാരി. 1957 ലെ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് കല്യാണ കൃഷ്ണന്‍ നായരെ നിയമസഭയിലേക്കെത്തിച്ചതിന് ചുക്കാന്‍ പിടിച്ചത് മുഹമ്മദാലി. അന്ന് ഈഴവ കുടുംബത്തിലെ എല്‍.തങ്കമ്മയെ പ്രണയിച്ച് വിവാഹം ചെയ്ത് യഥാര്‍ത്ഥ വിപ്ലവകാരിയെന്ന് തെളിയിച്ചു. ആ മുഹമ്മദലിയുടെ മകനെയാണ് ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികാഘോഷവേളയില്‍ ഇടത്പക്ഷ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജയിലിലടച്ചത്.
എല്‍.തങ്കമ്മയുടെ കമ്യൂണിസ്റ്റ് പാരമ്പര്യം കൂടി വ്യക്തമാക്കിയാലെ ഷാജഹാനെ പൂര്‍ണ്ണമായി ഇടത്പക്ഷ മേലാളര്‍ക്ക് മനസ്സിലാകൂ. ചങ്ങനാശ്ശേരിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സി.ജി.സദാശിവന്റെ അനന്തരവളാണ് തങ്കമ്മ. അച്ഛന്‍ വി.മാധവന്‍ ആകട്ടെ അടിയുറച്ച കമ്യൂണിസ്റ്റും. ഇരുവരുടെയും പ്രവര്‍ത്തനശൈലി കണ്ടാണ് തങ്കമ്മ വളര്‍ന്നത്. വീട്ടില്‍ പോലീസെത്തി പരിശോധിക്കുന്നതും അമ്മാവനും അച്ഛനും രാത്രിയില്‍ ആരും കാണാതെ വീട്ടിലേക്ക് വരുന്നതും അവര്‍ക്ക് ആഹാരം കൊണ്ടുപോയി നല്‍കിയതുമെല്ലാം തങ്കമ്മ ആവേശത്തോടെയാണ് ഇന്നും ഓര്‍ക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മുഹമ്മദലിയുമായി പ്രണയത്തിലാകുന്നത്. ഇന്നത്തെ എംഎല്‍എ സുരേഷ് കുറുപ്പിന്റെ വീട്ടില്‍ വച്ച് 1959 ല്‍ വിമോചന സമര കാലഘട്ടത്തില്‍ പാര്‍ട്ടിയാണ് കല്യാണം നടത്തിയത്. വിവാഹശേഷവും പഠനം തുടര്‍ന്ന തങ്കമ്മ റബ്ബര്‍ ബോര്‍ഡില്‍ മൈക്കോളജിസ്റ്റായി. ആ കാലഘട്ടത്തിനിടയില്‍ തങ്കമ്മ കാണാത്ത ഇടത് സമരങ്ങളും പ്രക്ഷോഭങ്ങളുമില്ല.
റബ്ബര്‍ബോര്‍ഡില്‍ ജോലിക്ക് കയറിയശേഷമാണ് തങ്കമ്മയിലെ വിപ്ലവകാരി ഉണരുന്നത്. റബ്ബറുകളില്‍ നിന്ന് അമിതമായി പാല്‍ ലഭിക്കാന്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ കമ്പനി പുറത്തിറക്കുന്ന ‘എത്തിഫോണ്‍’ എന്ന രാസവസ്തു ക്യാന്‍സറിന് കാരണമാകുമെന്ന് തങ്കമ്മ കണ്ടെത്തി. പാലുത്പാദനവും റബ്ബറിന്റെ ആയുസ്സും നാലിരട്ടി വര്‍ദ്ധിപ്പിക്കാന്‍ താഴെ നിന്ന് മുകളിലേക്ക് പ്രത്യേക ചരിവില്‍ ടാപ്പ് ചെയ്താല്‍ മതിയെന്ന പ്രതിവിധിയും തങ്കമ്മതന്നെ കണ്ടെത്തി. ഇത് 1996 ല്‍ പാലക്കാട് ഐആര്‍സിടിയില്‍ പരീക്ഷിച്ച് വിജയിക്കുകയും ജേര്‍ണലുകള്‍ പുറത്തിറക്കുയും ചെയ്തു. ഇതോടെ തങ്കമ്മ പലരുടെയും കണ്ണിലെ കരടായി. എതിര്‍പ്പിനു പിന്നില്‍ അമേരിക്കന്‍ കമ്പനിയാണെന്ന് തങ്കമ്മയക്ക് ഉത്തമ ബോദ്ധ്യമുണ്ട്. 24 വര്‍ഷം മുമ്പ് കണ്ടെത്തി വിജയിച്ച ടാപ്പിംഗ് രീതി നടപ്പിലാക്കി ജനങ്ങളെ മാരകരോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ വിരമിച്ചശേഷവും തങ്കമ്മയിലെ വിപ്ലവകാരി പൊരുതുന്നു.
റബ്ബര്‍ തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍പനയ്‌ക്കുവയ്‌ക്കാനുള്ള കൃഷി വകുപ്പിന്റെ നടപടികള്‍ക്കെതിരെ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനും റബ്ബര്‍ബോര്‍ഡ് അധികൃതര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുമ്പോഴാണ് ഷാജഹാനെ ഗൂഢാലോചന ആരോപിച്ച് ഇടത് സര്‍ക്കാര്‍ ജയിലില്‍ അടയ്‌ക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ ഷാജഹാന്‍ എടുത്ത നിലപാടുകളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് തങ്കമ്മ പറയുന്നു.
പോലീസ് തലത്തിലാണ് ഗൂഢാലോചന നടന്നതെന്നും നാലുപേരെ പ്രതിയാക്കിയശേഷം രണ്ട് പേരെ വിട്ടയക്കുന്നതിലെ നീതിയെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും തങ്കമ്മ ആവശ്യപ്പെട്ടു. ഞായറാഴ്ച തുടങ്ങിയ നിരാഹാരം ഷാജഹാനെ മോചിതാനാക്കുന്നത് വരെ തുടരാനാണ് തങ്കമ്മയുടെ തീരുമാനം.
















