ന്യൂദല്‍ഹി: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയോയെന്ന് സുപ്രീംകോടതി. നടപടിക്രമം പാലിച്ചാല്‍ പോലീസ് മേധാവിയെയും മാറ്റേണ്ടിവരുമല്ലോയെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.
ക്രമസാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്ന് അന്യായമായി നീക്കം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കി സുപ്രീം കോടതിയുടെ പരിഹാസം. കേസില്‍ ഇന്നും വാദം തുടരും.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ടും ജിഷ വധക്കേസിലും സെന്‍കുമാറിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചിട്ടുണ്ടെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. ഈ കേസുകളിലെ വീഴ്ചയാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വാദിച്ചതെന്നും ദവെ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ഒരു സ്ത്രീ അഞ്ചു ദിവസത്തോളം നിരാഹാരം കിടന്ന റിപ്പോര്‍ട്ടുകള്‍ തങ്ങളും കണ്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ പരാമര്‍ശം.
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു നീക്കിയത് മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ തീരുമാനപ്രകാരമെന്നും ഇതു ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിങ് വധക്കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ദവെ പറഞ്ഞു. പുറ്റിങ്ങല്‍ അപകടത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് സെന്‍കുമാറാണെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. ഇതിനെ ന്യായീകരിച്ചുള്ള സെന്‍കുമാറിന്റെ പ്രസ്താവനകളും കോടതിയില്‍ ഹാജരാക്കി. പ്രകാശ് സിങ് കേസിലെ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നില്ല നിയമനമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, നിയമന അപാകത പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അത്തരമൊരു വാദത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ ഇപ്പോഴത്തെ പോലീസ് മേധാവിയുടെ നിയമനം റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് നീട്ടിവയ്‌ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ കോടതി, ഇതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു.
















