തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ കൊലപ്പെടുത്തിയെന്ന്
അറസ്റ്റിലായ കേഡല്‍ ജീന്‍സണ്‍ രാജയുടെ കുറ്റസമ്മതം. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം തുറന്നു സമ്മതിച്ചത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഇയാള്‍ വ്യക്തത വരുത്തിയിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തന്‍കോട്ടെ വീട്ടില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.
ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയില്‍ നിര്‍മിച്ച മനുഷ്യരൂപത്തിന്റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദന്പതികളുടെ മകനായ കേഡലിനെ കാണാതായിരുന്നു. മകന്‍ കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നായിരുന്നു പോലീസ് നിഗമനം. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുളളതായി പോലീസ് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ ജീന്‍സണ്‍ 2009ല്‍ നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ കമ്പനിയില്‍ ഉന്നത തലത്തില്‍ ജോലി നോക്കിവരികയുമാണെന്നു പോലീസ് പറയുന്നു.
















