ന്യൂദല്‍ഹി: കേരള രാഷ്‌ട്രീയം സിപിഎം- ബിജെപി കേന്ദ്രീകൃതമായി മാറുകയാണെന്ന് ബിജെപി ദേശീയ നേതൃത്വം. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മറ്റു പാര്‍ട്ടികളിലെ നേതാക്കളുമായി ചര്‍ച്ചയ്‌ക്ക് സജ്ജമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു പറഞ്ഞു. മലയാള മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് വളരാനാവശ്യമായ സാഹചര്യം സിപിഎം തന്നെ സംസ്ഥാനത്ത് ഒരുക്കുന്നുണ്ട്. അവര്‍ക്കതു മനസ്സിലാകുന്നില്ല. ഇടതു സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായത് കേരളത്തില്‍ വലിയ ചര്‍ച്ചയായി ഉയരുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള സജീവ വിഷയങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയെന്ന വലിയ ദൗത്യമാണ് ബിജെപി നിര്‍വഹിക്കുന്നത്.
സിപിഎം അക്രമങ്ങളെന്നത് വെറും ബിജെപി- സിപിഎം പ്രശ്‌നമല്ല, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നമാണ്. അതിന്റെ ഗൗരവം സിപിഐക്ക് മനസ്സിലായിട്ടുണ്ട്. അതാണ് വിവിധ വിഷയങ്ങളില്‍ സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും സിപിഐ നേതൃത്വം ഭിന്നത പ്രകടിപ്പിക്കുന്നത്.
മതപരമായ വിഷയങ്ങളല്ല കേരളത്തില്‍ ഉയര്‍ന്നുവരുന്നത്, മറിച്ച് ജനകീയ വിഷയമാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബിജെപിയോട് യാതൊരു എതിര്‍പ്പുമില്ല. കേരളത്തിലെ കോണ്‍ഗ്രസിന് നല്ല കാലമല്ല മുന്നിലെന്നും ബിജെപി യഥാര്‍ത്ഥ പ്രതിപക്ഷമായി മാറിക്കഴിഞ്ഞെന്നും മുരളീധരറാവു നിരീക്ഷിച്ചു.
കേരളത്തിലെ ബിജെപി ഇന്ന് ചെറിയ ഒരു പാര്‍ട്ടിയല്ല. എല്ലാ പഞ്ചായത്തു തലങ്ങളിലും വിവിധ പ്രാദേശിക വിഷയങ്ങളില്‍ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍ നിരവധി സമരങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. വോട്ടിങ് ശതമാനം ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയത്തിലെ തൊട്ടുകൂടായ്‌മ സ്വാഭാവികമായും ഇല്ലാതാവുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു.
ദക്ഷിണേന്ത്യക്കാരെപ്പറ്റി തരുണ്‍ വിജയ് നടത്തിയ പരാമര്‍ശം വെറും നാക്കുപിഴ മാത്രമാണെന്നും പശുവിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ എല്ലാക്കാലവും രാജ്യത്തുണ്ടായിട്ടുണ്ടെന്നും മുരളീധരറാവു പറഞ്ഞു.
എന്നാല്‍ ബിജെപി ഭരണ സ്ഥലങ്ങളിലെ സംഭവങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നുള്ളൂ. ബിജെപി സംസ്ഥാനത്ത് ശക്തിപ്രാപിക്കുകയാണ്. കൂടുതല്‍ ആളുകളിലേക്ക് പാര്‍ട്ടി എത്തുമ്പോള്‍ അതിനെ നേതാക്കളെ വിലയ്‌ക്കെടുക്കലായി കാണാനാവില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
















