ന്യൂദല്‍ഹി: ടാക്‌സി സര്‍വ്വീസുകള്‍ ഉപയോഗിക്കുന്ന വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം നല്‍കിയ ശുപാര്‍ശകള്‍ പുതിയ ടാക്‌സി നയ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തി.
ടാക്‌സികളില്‍ യാത്ര ചെയ്യവെ തങ്ങള്‍ക്ക് നേരെയുണ്ടായ നിരവധി പീഡന സംഭവങ്ങളെകുറിച്ച് സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് മുതലായവയില്‍ സ്ത്രീ യാത്രക്കാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളെത്തുടര്‍ന്ന് കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി മേനക ഗാന്ധിയാണ് കേന്ദ്ര റോഡ് ഗതാഗത- ഷിപ്പിംഗ് മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചത്.
ടാക്‌സികളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണം. വനിതകളും കുട്ടികളുമായുള്ള യാത്രയുടെ സുരക്ഷയ്‌ക്കായി ടാക്‌സികളില്‍ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം അനുവദിക്കാന്‍ പാടില്ല.
ഡ്രൈവറുടെ ഫോട്ടോയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും വ്യക്തമായി വാഹനത്തിനുള്ളില്‍ പതിച്ചിരിക്കണം. ടാക്‌സി ഓപ്പറേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ നിയമം ലംഘിക്കുകയാണെങ്കില്‍ കര്‍ശന നടപടി വേണം. യാത്രക്കാരുടെ സമ്മതത്തിന് വിധേയമായി മാത്രമേ സീറ്റ് പങ്കിടാന്‍ അനുവദിക്കാവൂ തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
















