കരുവാരകുണ്ട്: ഒലിപ്പുഴ തീരത്ത് സ്വകാര്യ വ്യക്തികളില്‍ നിന്ന് പിടിച്ചെടുത്ത പുറമ്പോക്കു ഭൂമിയില്‍ ഫലവൃക്ഷത്തൈകള്‍ നടാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ഇക്കോ വില്ലേജില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പിടിച്ചെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് ആദ്യഘട്ട ഫല വൃക്ഷ തൈകള്‍ നടാനു തീരുമാനമെടുത്തത്. പഞ്ചായത്തില്‍ ഒലിപ്പുഴയുടെ തീരത്ത് ഒന്‍പത് കിലോമീറ്റര്‍ നീളത്തില്‍ മുന്നൂറ് ഹെക്ടര്‍ പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളിലാണെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.
നേരത്തേ റവന്യൂ വകുപ്പിനെ സ്വാധീനിച്ച് പലരും പുറമ്പോക്കു ഭൂമിയില്‍ പല സ്ഥലങ്ങളിലും വന്‍ കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. പുറമ്പോക്കു ഭൂമി അളന്നു വേര്‍തിരിക്കുന്നതിന്റെ ഭാഗമായി നാളെ ജില്ലാ കളക്ടര്‍ അമിത് വീണ കരുവാരകുണ്ടിലെത്തും.
ഭൂമി അളവുമായി ബന്ധപ്പെട്ട് പലര്‍ക്കും ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. നെല്‍കൃഷി ചെയ്യുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് പഞ്ചായത്ത് വിട്ടുനല്‍കിയതാണ് ഒലിപ്പുഴ തീരത്തെ പുറമ്പോക്കു ഭൂമി. റബ്ബര്‍, തെങ്ങ്, കമുക് തുടങ്ങിയ നാണ്യവിളകളാണ് ഇവിടെ പലരും കൃഷി ചെയ്തിരിക്കുന്നത്.
പഞ്ചായത്ത് നിര്‍ദേശിച്ച ലീസടക്കാതെയാണ് പലരും ഭൂമി കൈവശം വച്ചു കൊണ്ടിരിക്കുന്നത്.ലീസടക്കാത്തവരില് നിന്നും പഞ്ചായത്ത് പിഴ ഈടാക്കണമെന്നാവശ്യവും, ശക്തമാണ്. മുഖം നോക്കാതെ ധീരമായ, നടപടിയുമായി നീങ്ങുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന് വിവിധ സംഘടനകള്‍ പിന്തുണയറിയിച്ചിട്ടുണ്ട്.
മലയോര മേഖലയില്‍ പുഴയോരങ്ങള്‍ വ്യാപകമായി കയ്യേറിയവരുടെ നെഞ്ചിടിപ്പേറുകയാണ്. പതിറ്റാണ്ടുകള്‍ സ്വന്തം ഭൂമിയായി അനുഭവിച്ചതാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെയടക്കം കയ്യേറ്റക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: