കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണ്ണവും 33 ലക്ഷത്തിന്റെ വിദേശ കറന്‍സികളും കസ്റ്റംസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ഇ.എസ്. നിഥിന്‍ലാല്‍, ടി.കെ. ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും വിദേശ കറന്‍സികളും പിടികൂടിയത്.
ബുധനാഴ്ച രാത്രി ജെറ്റ് എയര്‍വേയ്‌സിന്റെ ദമാം- കോഴിക്കോട് വിമാനത്തില്‍ എത്തിയ യാത്രക്കാരനായ കിനാലൂര്‍ സ്വദേശി കെ.പി. മിദിലാജാണ് (24) സ്വര്‍ണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. മൂന്ന് കിലോ 200 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. കാര്‍ വാഷ് ക്ലീനറിന്റെ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. വിപണിയില്‍ 94,80,214 രൂപ വിലവരും.
രാത്രി സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍സിന്റെ കോഴിക്കോട് – ദുബായ് വിമാനത്തില്‍ യാത്രചെയ്യാനെത്തിയ മലപ്പുറം വേങ്ങര സ്വദേശി സി.എം. ഷൈജു (31)വില്‍ നിന്നാണ് 33 ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍ പിടികൂടിയത്. സൗദി റിയാല്‍, യുഎഇ ദിര്‍ഹം, കുവൈറ്റ് ദിനാര്‍ എന്നിവയാണ് പിടിച്ചെടുത്തത്. 33,59,409 രൂപയുടെ മൂല്യമുള്ളതാണ് പിടിച്ചെടുത്ത കറന്‍സികള്‍. മിഠായികളും പഴങ്ങളും നിറച്ച പെട്ടിയില്‍ തുണിയില്‍ പൊതിഞ്ഞാണ് വിദേശകറന്‍സികള്‍ സൂക്ഷിച്ചിരുന്നത്.
കസ്റ്റംസ് സൂപ്രണ്ടുമാരായ സി. ഗോകുല്‍ദാസ്, എം. പ്രവീണ്‍, സി.ജെ. തോമസ്, എ.പി. സുരേഷ് ബാബു, ഇന്‍സ്‌പെക്ടര്‍മാരായ കെ. മുരളീധരന്‍, മുഹമ്മദ് ഫൈസല്‍, വി. രാജീവ്, പി. സചിത്രന്‍, ചേതന്‍ ഗുപ്ത, വീണാ ധര്‍മ്മരാജ്, ഉദ്യോഗസ്ഥരായ എം. സന്തോഷ്‌കുമാര്‍, കെ.പി. വേണുഗോപാലന്‍, സുരേന്ദ്രന്‍, കെ.ബി. സെബാസ്റ്റ്യന്‍, ലില്ലി തോമസ്, ഗിരീഷ് ബാബു എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.















