തിരുവനന്തപുരം: സുപ്രധാന ബില്ലുകള്‍ പാസാക്കുന്നത് തടയുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തിന്റെ വളര്‍ച്ച തടയുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡു. പിന്നാക്ക ജാതികള്‍ക്ക് ഭരണഘടനാ പദവിയുള്ള ദേശീയകമ്മീഷനെ നിയമിക്കാനുള്ള ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അനുവദിക്കാത്തത് ഒടുവിലത്തെ ഉദാഹരണമാണ്. 30 വര്‍ഷമായുള്ള ആവശ്യത്തിന് അംഗീകാരം നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബില്‍ രാജ്യസഭയില്‍ വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു. ജിഎസ്ടി അടക്കം നിരവധി ബില്ലുകളും പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ വെങ്കയ്യ പറഞ്ഞു.
ഇലക്ടോണിക് വോട്ടിംഗ് മെഷീനെതിരെ കോണ്‍ഗ്രസ് രംഗത്ത് വരുന്നത് ബാലിശമാണ്. കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ വോട്ടിംഗ് യന്ത്രം മികച്ചതും തോല്‍ക്കുമ്പോള്‍ മോശവുമാകുന്നത് ഇരട്ടത്താപ്പാണ്. വോട്ടിംഗ് യന്ത്രത്തേപ്പറ്റി പരാതിയുള്ളവര്‍ തെളിയിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി സ്വീകരിക്കുകയാണ് വേണ്ടത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരായ അമരീന്ദര്‍ സിംഗ്, വീരപ്പമൊയ്‌ലി എന്നിവരെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് കോണ്‍ഗ്രസ് രാഷ്‌ട്രപതിയെ സമീപിച്ചത്. മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രാഷ്‌ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്ന ഓരോ വാക്കും അവര്‍ക്കെതിരായ കുറ്റപത്രം തന്നെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവര്‍ ഏകാധിപത്യത്തെപ്പറ്റിയും, മാധ്യമ സ്വാതന്ത്ര്യത്തേപ്പറ്റിയും പരാതിപ്പെടുകയാണ്. രാജ്യത്തെ മഹാന്മാരെയെല്ലാം അവഗണിച്ച് ആ സ്ഥാനത്തേക്ക് ഒരു കുടുംബത്തെ മാത്രം അവരോധിച്ചവരാണ് കോണ്‍ഗ്രസുകാര്‍.
മുതിര്‍ന്ന നേതാക്കള്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പോലും വാര്‍ത്ത അല്ലാതെയാവുകയും ഏതെങ്കിലും പ്രാദേശിക ബിജെപി നേതാവ് പറയുന്നത് വന്‍ വാര്‍ത്തയാവുകയും ചെയ്യുന്ന വിചിത്ര സാഹചര്യമാണ് രാജ്യത്തുള്ളത്. ഉത്തര്‍പ്രദേശില്‍ മോദിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞ നേതാവിന് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. വെങ്കയ്യ പറഞ്ഞു.















