ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയില്‍ ഞെട്ടിത്തരിച്ച് ആം ആദ്മി പാര്‍ട്ടിയും ഇടത്പക്ഷവും. ദല്‍ഹിയിലെ സിറ്റിങ് സീറ്റില്‍ ആപ്പിനും മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ ഇടത്പക്ഷത്തിനും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. ദല്‍ഹിയില്‍ ബിജെപി വിജയിച്ചതും ബംഗാളില്‍ രണ്ടാമതെത്തിയതും ഇരുപാര്‍ട്ടികള്‍ക്കും ക്ഷീണമായി. ആപ്പിനെ ദല്‍ഹി നിവാസികള്‍ കയ്യൊഴിയുകയാണെന്ന സൂചനകളും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു.
പഞ്ചാബിലും ഗോവയിലും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ആപ്പിന്റെ ദല്‍ഹിയിലെ തോല്‍വി. പഞ്ചാബില്‍ മത്സരിക്കുന്നതിനാണ് രജൗരി ഗാര്‍ഡനിലെ ആപ്പ് എംഎല്‍എയായിരുന്ന ജര്‍ണയില്‍ സിങ് രാജിവെച്ചത്. എന്നാല്‍ ഇന്നലെ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ആപ്പ് പിന്തള്ളപ്പെട്ടു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുമെന്ന് ബിജെപി പ്രതികരിച്ചു. ഈ മാസം 23നാണ് എംഡിഎംസി തെരഞ്ഞെടുപ്പ്.
ബംഗാളില്‍ ബിജെപിക്കും പിന്നില്‍ മൂന്നാമതാകേണ്ടി വന്നതിന്റെ നാണക്കേടിലാണ് ഇടത്പക്ഷം. 2016ല്‍ മത്സരിച്ച സിപിഐയുടെ ഉത്തംപ്രധാനാണ് കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിയായത്. കഴിഞ്ഞ തവണ രണ്ടാമതായിരുന്നു സിപിഐ. 31 ശതമാനം വോട്ടാണ് ബിജെപി നേടിയത്.
















