ന്യൂദല്‍ഹി: രാജ്യത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗ അസമത്വം ഇല്ലാതാക്കാന്‍ അടുത്ത കൊല്ലം മുതല്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ തീരുമാനം. സംയുക്ത പ്രവേശന ബോര്‍ഡിന്റെ യോഗത്തിലാണ് ഈ തീരുമാനം.
വനിത വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരുപത് ശതമാനമാകുന്നത് വരെ കൊല്ലം തോറും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും. ജനറല്‍ വിഭാഗത്തിലൂടെ സ്ത്രീകള്‍ പ്രവേശനം നേടുന്നില്ലെങ്കില്‍ അധിക സീറ്റുകള്‍ ഇതിനായി മാറ്റി വയ്‌ക്കും.
അതേസമയം അധികമായി സൃഷ്ടിക്കുന്ന സീറ്റുകള്‍ നിലവിലുളള പുരുഷന്‍മാരുടെ സീറ്റുകള്‍ക്ക് കുറവ് വരുത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് വര്‍ഷം വരെ മാത്രമേ ഈ മാറ്റങ്ങള്‍ നടപ്പാക്കൂ.
രാജ്യത്തെ 23 ഐഐടികളിലായി വെറും എട്ട് ശതമാനം വനിതകള്‍ മാത്രമാണ് പഠിക്കുന്നത്. പതിനാല് ശതമാനം സീറ്റ് വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്. വനിതകള്‍ക്കായി മാറ്റി വയ്‌ക്കുന്ന സീറ്റുകളില്‍ വനിതകളെ മാത്രമേ പ്രവേശിപ്പിക്കൂ. ഇതിനായി പ്രത്യേക നിബന്ധനകള്‍ ഉണ്ടാക്കാന്‍ എല്ലാ ഐഐടികള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
















