കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ വിഘടനവാദികളിലൊരാളെ സൈന്യം വാഹനത്തിന് മുന്നില്‍ കെട്ടിയിട്ടപ്പോള്‍
ന്യൂദല്‍ഹി: വിഘടനവാദികളുടെ കല്ലേറ് കാരണം വലഞ്ഞിരിക്കുകയാണ് കശ്മീരിലെ സുരക്ഷാ സൈന്യം. ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പിനിടെ കല്ലേറില്‍ പരിക്കേറ്റത് നൂറിലേറെ സൈനികര്‍ക്ക്. സിആര്‍പിഎഫ് ജവാന്മാരെ വിഘടനവാദികളുടെ സംഘം തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. ഒടുക്കം കല്ലേറുകാര്‍ക്ക് കൃത്യമായ മറുപടി സൈന്യം നല്‍കി. കല്ലേറു സംഘത്തിലെ ഒരു വിഘടനവാദിയെ സൈന്യം വാഹനത്തിന് മുന്നില്‍ കെട്ടിയിട്ടു. ഇതോടെ കല്ലേറും നിലച്ചു.
ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം. വിഘടനവാദികള്‍ പോളിംഗ് ബൂത്തുകള്‍ വ്യാപകമായി ആക്രമിച്ചു. ബുധ്ഗാമിലെ പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഒന്‍പത് സിആര്‍പിഎഫുകാര്‍ക്കെതിരെ ആയിരത്തോളം വിഘടനവാദികളാണ് കല്ലേറ് നടത്തിയത്. ജീവന്‍ രക്ഷിക്കാനാണ് സൈന്യം ഒടുവില്‍ ഈ തന്ത്രം പ്രയോഗിച്ചത്. നേതാവിനെ കവചമാക്കിയതോടെ കല്ലേറുകാര്‍ മര്യാദക്കാരായി. അതിനാല്‍ സൈന്യത്തിന് വെടിവെക്കേണ്ടി വരികയോ ആളപായമുണ്ടാവുകയോ ചെയ്തില്ല.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയാണ് വിഷയം ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആരും കല്ലെറിയുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇയാളെ കെട്ടിയിട്ടതെന്നും ഇത് ഞെട്ടിപ്പിക്കുന്നതാണെന്നുമായിരുന്നു ഒമറിന്റെ ട്വീറ്റ്. എന്നാല്‍ സൈന്യത്തിന്റെ നടപടി വിവാദമാക്കാനിറങ്ങിയ ഒമറിന് ട്വിറ്ററില്‍ കണക്കിന് മറുപടിയും കിട്ടി. കല്ലേറുകാരെ പിന്തുണക്കുന്ന ഒമറിനെപ്പോലുള്ളവരെയും ഇത്തരത്തില്‍ കെട്ടിയിടണമെന്നായിരുന്നു പലരുടെയും അഭിപ്രായം.
സൈന്യത്തിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നാരോപിച്ചവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ കണക്കിന് കിട്ടി. സൈന്യത്തിനില്ലാത്ത മനുഷ്യാവകാശം വിഘടനവാദികള്‍ക്ക് നല്‍കുന്നത് ഇരട്ടത്താപ്പാണെന്നും സൈന്യത്തെ ആക്രമിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ത്തന്നെ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ജവാന്മാരെ ആക്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സൈന്യം വ്യക്തമാക്കി.
















