ന്യൂദല്‍ഹി: ചാരവൃത്തി ആരോപിച്ച് വധശിക്ഷക്കു വിധിച്ച ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൂടുതല്‍ രേഖകള്‍ യുഎന്നിന് സമ ര്‍പ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ഇന്ത്യന്‍ ചാരനാണെന്നും അട്ടിമറി ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നുമുള്ള പാക് വാദങ്ങള്‍ ഉറപ്പിക്കുന്ന രേഖകളാണ് യുഎന്നിനും വിദേശ നയതന്ത്രജ്ഞര്‍ക്കും കൈമാറുകയെന്നാണ് റിപ്പോര്‍ട്ട്.
സൈനിക വിചാരണയില്‍ കുല്‍ഭൂഷന്‍ ഒപ്പിട്ട സാക്ഷ്യപത്രവും കറാച്ചിയിലും ബലൂചിസ്ഥാനിലും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പാക് സൈനിക കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച സാക്ഷിമൊഴിയുമടങ്ങുന്ന തെളിവുകളാണ് പാക്കിസ്ഥാന്‍ യുഎന്നിന് കൈമാറുക. കുല്‍ഭൂഷണിന്റെ അറസ്റ്റ്, സൈനിക വിചാരണ, കോടതി നടപടി ക്രമങ്ങള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍നിന്നാണ് ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. റിട്ടയര്‍ ചെയ്തശേഷം ഇറാനിലെ ചബഹര്‍ തുറമുഖപട്ടണത്തില്‍ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു.
















