മുംബൈ: സ്‌നാപ്ചാറ്റിനെതിരെയുള്ള ഓണ്‍ലൈന്‍ ആക്രമണത്തില്‍ ഇരയാകേണ്ടി വന്നത് സ്‌നാപ്ഡീലിന്. ഇന്ത്യയെയും സ്പയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സിഇഒ ഇവാന്‍ സ്പീഗെലിന്റെ പ്രസ്താവനയെ തുടര്‍ന്ന് സ്‌നാപ്ചാറ്റിനെതിരേ ആരംഭിച്ച ഓണ്‍ലൈന്‍ ആക്രമണം പിന്നീട് വഴിതെറ്റി ഇന്ത്യന്‍ കമ്പനിയായ സ്‌നാപ്ഡീലിലേക്കു തിരിയുകയായിരുന്നു.
സ്‌നാപ് ചാറ്റിനു പകരം പ്രതിഷേധക്കാര്‍ സ്‌നാപ്ഡീലിന് ആപ്പിള്‍-ഗൂഗിള്‍ പ്ലേസ്റ്റോറുകളില്‍ മോശം റേറ്റിംഗ് നല്‍കി. കുറച്ചുസമയത്തിനുശേഷം ഇത് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ രംഗത്തെത്തിയതോടെ പ്രതിഷേധക്കാര്‍ ഭാഗികമായി പിന്‍വലിഞ്ഞു.
സ്‌നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെല്‍ 2015ല്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇന്ത്യയെ വിലകുറച്ചു കാണിച്ച സ്പീഗലിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമുയര്‍ന്നു. സ്‌നാപ്പ് ചാറ്റ് ആപ്ലിക്കേഷന് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാന്‍ ഓണ്‍ലൈന്‍ ആഹ്വാനമുണ്ടായി. #UninstallSnapchat എന്ന ഹാഷ്ടാഗോടെയായിരുന്നു ആഹ്വാനം. ഈ ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.
പ്രതിഷേധം കനത്തതോടെ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ പ്ലേസ്റ്റോറിലും സ്‌നാപ് ചാറ്റിന്റെ റേറ്റിംഗില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. സ്പീഗെലിന്റെ ഇന്ത്യാവിരുദ്ധ പരാമര്‍ശത്തെ സ്‌നാപ് ചാറ്റ് മാതൃസ്ഥാപനമായ nsap.inc തള്ളിക്കളഞ്ഞിരുന്നു.
















