ന്യൂദല്‍ഹി: ഇന്‍ര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) യോഗത്തില്‍ പങ്കെടുക്കാനുള്ള ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ നീക്കത്തിനു തിരിച്ചടി.
ശ്രീനിവാസന് യോഗത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് പ്രതിനിധി. സിഇഒ രാഹുല്‍ ജോഹ്‌രിയോട് ഒപ്പം പോകാനും കോടതി നിര്‍ദേശിച്ചു. 24നാണ് യോഗം.
കോടതി വിധി ബാധകമല്ലെന്നും യോഗത്തില്‍ പങ്കെടുക്കുമെന്നുമുള്ള തരത്തില്‍ ശ്രീനിവാസനും അനുയായികളും പ്രചാരണം അഴിച്ചിവിട്ടിരുന്നു. തുടര്‍ന്ന് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതി വ്യക്തത ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
വിഭിന്ന താത്പര്യങ്ങളുള്ള വ്യക്തികളുടെ ഗണത്തിലാണ് ശ്രീനിവാസനെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അമിതാഭിനെ സഹായിക്കുകയാണ് രാഹുലിന്റെ ജോലി. സിഇഒമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ രാഹുലിന് കോടതി അനുമതി നല്‍കി.
ലോധ സമിതി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അയോഗ്യതയുള്ള ബിസിസിഐ, സംസ്ഥാന അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഐസിസി യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് ഈ മാസം പത്തിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അയോഗ്യതയില്ലെന്നാണ് ശ്രീനിവാസനും കൂട്ടരും പറഞ്ഞിരുന്നത്.
















