പറവൂര്‍: 43-ാമത് ദേശീയ ജൂനിയര്‍ (ആണ്‍-പെണ്‍)വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ പറവൂരില്‍ തുടക്കം. പറവൂര്‍ ബോയ്‌സ് സ്‌കൂള്‍, എസ്എന്‍വി സംസ്‌കൃത സ്‌കൂള്‍ ഗ്രൗണ്ടുകളിലായി ഈ മാസം 25 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെയും 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെയും ടീമുകള്‍ പങ്കെടുക്കും. അഞ്ച് ഗ്രൗണ്ടുകളിലായി നടക്കുന്ന നൂറിലധികം മത്സരങ്ങളില്‍ അഞ്ഞൂറിലധികം യുവ കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
ത്രിപുര, അസം, ഉത്താരാഖണ്ഡ്, ഛത്തിസ്ഗഢ്, ഗുജറാത്ത് എന്നീ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി എത്തിക്കഴിഞ്ഞു. ബാക്കിയുള്ള ടീമുകള്‍ ഇന്നും നാളെയുമായി പറവൂരിലെത്തും. അഞ്ച് ഗ്രൗണ്ടുകളിലായി നടക്കുന്ന നൂറിലധികം മത്സരങ്ങളില്‍ അഞ്ഞൂറിലധികം യുവ കായിക താരങ്ങള്‍ പങ്കെടുക്കും. ആദ്യ മൂന്ന് ദിനങ്ങളില്‍ ലീഗ് മത്സരങ്ങളാണ് നടക്കുക. അതിനുശേഷം ക്വാട്ടര്‍ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകിട്ട് മൂന്ന് മുതല്‍ ആറര വരെയുമാണ് മത്സരം.
നാളെ വൈകിട്ട് 7 മണിക്ക് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശന്‍ എംഎല്‍എ അദ്ധ്യക്ഷനാകും. ഏഴായിരത്തോളം പേര്‍ക്ക് കളികാണാനാകുന്ന ഗ്യാലറിയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിപ്രൊഫ. നാലകത്ത് ബഷീര്‍, അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.പി. തോമസ്, ട്രഷറര്‍ സി.കെ. ദിലീപ് കുമാര്‍, മുഹമ്മദ് ഷാരി, ടി.ആര്‍. ബിന്നി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















