ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ദ്വിദിന കാര്യകര്‍തൃശിബിരം ആര്‍എസ്എസ്
പ്രാന്ത സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. എന്‍. വിനോദ്,
എ. ബാലകൃഷ്ണന്‍, ഗോപകുമാര്‍, സി. വി. രാജീവന്‍ സമീപം.
കൊച്ചി: ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ദ്വിദിന കാര്യകര്‍തൃശിബിരം എറണാകുളം ശിക്ഷക് സദനില്‍ തുടങ്ങി. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ മിഷനറിമാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയതിന് പിന്നില്‍ മതപരിവര്‍ത്തനവും ലക്ഷ്യമിട്ടിരുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പലയിടത്തും ദേശവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ ഇടപെടലാണ് ഇതിന് കാരണം.
ഗവേഷണങ്ങളുടെ പേരിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും അവര്‍ ചരിത്രത്തെ വളച്ചൊടിക്കാനും ശ്രമിക്കുന്നുണ്ട്. കാലടിയിലുള്ള ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ശങ്കരാചാര്യരെ മോശക്കാരനാക്കുന്ന തരത്തിലുള്ള പ്രബന്ധങ്ങള്‍ വരെ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. പാഠപുസ്തക സിലബസുകളില്‍പ്പോലും ആ ശക്തിയുടെ ഇടപെടല്‍ കാണാം. കുട്ടികളില്‍ മൂല്യബോധം നഷ്ടമാകാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് കെ. എന്‍. വിനോദ് അദ്ധ്യക്ഷനായി. സംഘടനാ സെക്രട്ടറി എ. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ട്രഷറര്‍ സി.വി. രാജീവന്‍, ഗോപാലന്‍ കുട്ടി, എസ്. ശിവദാസ്, ആര്‍. ജിഗി, കെ. എസ്. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 8.30ന് ജില്ലാ പ്രവര്‍ത്തന പദ്ധതി ആസൂത്രണവും അവതരണവും നടത്തും. 11 ന് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് ടി. രവീന്ദ്രക്കുറുപ്പ് അദ്ധ്യാപകര്‍ അറിഞ്ഞിരിക്കേണ്ട സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും എന്ന വിഷയം അവതരിപ്പിക്കും. ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന സമാപന സഭയില്‍ എബിആര്‍എസ്എം ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കെ. മോഹന കണ്ണന്‍ പ്രഭാഷണം നടത്തും.
















