നിര്‍ഭയയുടെ അമ്മ ആശാദേവിയും അച്ഛന്‍ ബിഎന്‍ സിങ്ങും
ന്യൂദല്‍ഹി: പെണ്‍കുട്ടിയെ ഓടുന്ന ബസിലിട്ട് കൂട്ടമാനഭംഗത്തിനിരയാക്കി പൈശാചികമായി കൊന്ന സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണെന്നും നീതിയുറപ്പാക്കാന്‍ കടുത്ത ശിക്ഷ നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും സുപ്രീംകോടതി. പ്രതികളുടെ വധശിക്ഷ ശരിവെച്ചുള്ള ഉത്തരവില്‍ കോടതി പറയുന്നു. കോടതി ഇക്കാര്യം പറഞ്ഞതോടെ വിധി കേള്‍ക്കാന്‍ തടിച്ചുകൂടിയ അഭിഭാഷകരടമുള്ള ജനങ്ങള്‍ കൈയടിച്ചു.
ഹീനവും അതിക്രൂരവും പൈശാചികവുമായ പ്രവര്‍ത്തി മനുഷ്യരാശിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ചു. ശിക്ഷയില്‍ തെല്ലും ഇളവ് അവര്‍ അര്‍ഹിക്കുന്നില്ല. കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയെ വിനോദത്തിനുള്ള ഒരു ഉപാധിയായാണ് ഇവര്‍ കണ്ടത്. വാര്‍ത്ത ഞെട്ടലാണ് ഉണ്ടാക്കിയത്. ബസില്‍ നിന്ന് വലിച്ചെറിഞ്ഞ ശേഷം പെണ്‍കുട്ടിയെയും സുഹൃത്തിനെയും അവര്‍ ബസ് കയറ്റി കൊല്ലാനും ശ്രമിച്ചു.
ദൈവം പോലും ഈ കുറ്റവാളികളോട് പൊറുക്കില്ല. നിര്‍ഭയയുടെ അച്ഛന്‍ ബി.എന്‍. സിങ് പ്രതികരിച്ചു. വധശിക്ഷ ഒന്നു മാത്രമേ അവര്‍ക്ക് നല്‍കണ്ടേതുള്ളു. നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. സുപ്രീംകോടതിയും മകള്‍ക്ക് നീതി നല്‍കിയിരിക്കുന്നു. അവര്‍ തുടര്‍ന്നു.
2012 ഡിസംബര്‍ 16ന് രാത്രിയിലാണ് 23 വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആ പാവം പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു. മുകേഷ്( 27), പവന്‍(20), വിനയ്(21), അക്ഷയ്( 29) എന്നിവരുടെ വധശിക്ഷയാണ് ശരിവെച്ചത്.
ദല്‍ഹി പോലീസിന് അഭിനന്ദനം
കൃത്യമായി അന്വേഷണം നടത്തുകയും പ്രതികളെ അതിവേഗം കണ്ടെത്തി കോടതിക്കു മുന്നില്‍ എത്തിക്കുകയും ചെയ്ത ദല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ അഭിനന്ദനം.
ദല്‍ഹി പോലീസിന്റെ അന്വേഷണം നീതിയുക്തമായിരുന്നു, നിഷ്പക്ഷമായിരുന്നു.
നിര്‍ഭയയുടെ മരണമൊഴി വിശ്വാസയോഗ്യമായിരുന്നു. അതിനെ മറ്റു തെളിവുകള്‍ സാധൂകരിക്കുന്നു. കോടതി വ്യക്തമാക്കി. കേസില്‍ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. ഒരു പ്രതി രാം സിങ്ങ് ജീവനൊടുക്കി. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തവനായിരുന്നു. അയാള്‍ക്ക് ആഗസ്റ്റില്‍ ജുവനൈല്‍ കോടതി മൂന്നു വര്‍ഷം നല്ല നടപ്പ് വിധിച്ചിരുന്നു.
നിശ്ശബ്ദമായി കരഞ്ഞ് അമ്മ
പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതോടെ നിര്‍ഭയയുടെ അമ്മ ആശാദേവി മകളെ ഓര്‍ത്ത് നിശ്ശബ്ദമായി കരഞ്ഞു.
ഇരുളടഞ്ഞ മണിക്കൂര്‍
23 വയസുള്ള ആ പെണ്‍കുട്ടിക്ക് ഇരുളടഞ്ഞ, സകലതും നശിപ്പിച്ചെറിഞ്ഞ ഒരു മണിക്കൂറായിരുന്നു അത്…..
നിര്‍ഭയ മാനഭംഗത്തിനിരയായ സമയത്തെ പരാമര്‍ശിച്ച് ഇങ്ങനെയാണ് ജസ്റ്റിസ് ദീപക്മിശ്ര വിധി വായിച്ചുതുടങ്ങിയത്.
















