മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ ഓസ്മാനിയ ജനറല്‍ ആശുപത്രിയില്‍ അജ്ഞാതമൃതദേഹങ്ങള്‍ അവഗണിക്കപ്പെട്ട നിലയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയുടെ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളെല്ലാം തന്നെ നഗ്നമാണ്. ഇവ കടുത്തചൂടില്‍ അഴുകിത്തുടങ്ങിയിട്ടുണ്ട്.
അവകാശികളാരും എത്തിയില്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 72 മണിക്കൂറിനുളളില്‍ അജ്ഞാതമൃതദേഹങ്ങള്‍ മറവു ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമത്തിനു പുല്ലുവില പോലും കല്‍പ്പിക്കാത്ത നടപടിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
മോര്‍ച്ചറിയിലെ കോള്‍ഡ് സ്റ്റോറേജ് സംവിധാനത്തില്‍ എട്ട് ഫ്രീസറുകളുണ്ട്. ഇതില്‍ ഓരോന്നിലും നാല് വീതം മൃതദേഹങ്ങള്‍ സൂക്ഷിക്കാം. എന്നാല്‍ രണ്ടു ഫ്രീസറുകള്‍ തകരാറിലാണ്. ഇവയുടെ തകരാര്‍ പരിഹരിക്കാനുളള ഒരു നീക്കവും അധികൃതര്‍ ചെയ്തിട്ടില്ല.
പ്രതിവര്‍ഷം ഏതാണ്ട് 6,000ത്തോളം മൃതദേഹങ്ങളാണ് ആശുപത്രിയിലേക്ക് വരുന്നത്. വീടുനഷ്ടപ്പെട്ട് തെരുവില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ അജ്ഞാത മൃതദേഹങ്ങളായി മോര്‍ച്ചറിയിലേക്കെത്തും.
”വേനല്‍ക്കാലത്ത് 200-300 മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലെത്താറുണ്ട്. ഇതില്‍ 50-70 എണ്ണവും അജ്ഞാതമായിരിക്കും. പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഇവ യഥാസമയം മറവുചെയ്യാതെ മോര്‍ച്ചറിയില്‍ കൂട്ടിയിടുകയാണ്. ഡോക്ടര്‍മാരും നഴ്‌സും ഉള്‍പ്പടെയുളളവര്‍ അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം സഹിച്ച് ജോലിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന സ്ഥിതിവിശേഷമാണുളളത്”- ഓസ്മാനിയ ആശുപത്രി ജീവനക്കാരന്‍ വെളിപ്പെടുത്തി.
അതേ സമയം ആരോഗ്യവകുപ്പ് അഡിഷണല്‍ കമ്മിഷണര്‍ സംഭവത്തോട്് പ്രതികരിച്ചിട്ടില്ല.
















