അയ്‌മനത്ത് വീട് അടിച്ച് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു, പി.എസ്.ജയകുമാര്‍
കോട്ടയം: വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ചത് ചോദ്യം ചെയ്തതിന് വീട് അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതി എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി അറസ്റ്റില്‍. അയ്‌മനം കാട്ടുപാടത്ത് ചിറയില്‍ റിജേഷ് കെ. ബാബു(24)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
ആക്രമണത്തില്‍ പങ്കെടുത്ത അയ്‌മനം പുല്ലാട്ട് വീട്ടില്‍ പി.എസ്. ജയകുമാറി(29)നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നാലാം പ്രതിയാണ്. ഇതോടെ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായി. തിങ്കളാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകരായ കണ്ണൂര്‍ തളിപ്പറമ്പ് രാജുഭവനില്‍ പ്രിന്‍സ് ആന്റണി, ദേവികുളം കൊട്ടകാമ്പൂര്‍ മരുമലയില്‍ ജയിന്‍രാജ്, കുറിച്ചി പുലിക്കുഴി സിനുസിന്‍ഘോഷ് എന്നിവര്‍ പിടിയിലായിരുന്നു.
ശനിയാഴ്ച രാത്രിയിലാണ് അയ്‌മനം ഇളങ്കാവ് ക്ഷേത്രം-കല്ലുമട റോഡില്‍ കായംകുളം മുക്കിന് സമീപംവഞ്ചിയത്ത് വി.കെ.സുകുവിന്റെ വീട് റിജേഷ് കെ.ബാബുവിന്റെ നേതൃത്വത്തില്‍ 20 അംഗസംഘം ആക്രമിച്ചത്. വീടിന് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കിടന്ന കാര്‍ മാറ്റിയിടണമെന്ന് പറഞ്ഞപ്പോള്‍ സുകുവിനെ കാറിലുണ്ടായിരുന്നവര്‍ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ് ഒഴിവാക്കാനും കേസ് ദുര്‍ബലമാക്കാനും പോലീസിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ആശൂപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ റിജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വെസ്റ്റ് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഇനി രണ്ടോ മൂന്നോ പേര്‍ മാത്രമെ പിടിയിലാകാനുള്ളുവെന്നാണ് പോലീസ് പറയുന്നത്.
















