കൊച്ചി: ദല്‍ഹിയില്‍ നടന്ന മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദമാക്കിയത് ദളിത് വിരുദ്ധ മാധ്യമങ്ങളും വിപ്ലവ പ്രത്യയശാസ്ത്ര ദല്ലാളന്മാരുമാണെന്ന് കെപിഎംഎസ്.
അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് കായല്‍ സമ്മേളനം നടന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം ചരിത്രത്തെ വളച്ചൊടിച്ചിട്ടില്ല. കെപിഎംഎസിന്റെ പരിപാടികളില്‍ നരേന്ദ്രമോദി പങ്കെടുക്കുന്നതില്‍ നിരാശയുള്ളവരും വിവാദങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്ററും ജനറല്‍ സെക്രട്ടറി ടി.വി ബാബുവും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ കാലം മുഴുവന്‍ ഇടതു-വലതു മുന്നണികള്‍ക്കൊപ്പം നിന്നിട്ടുള്ള പുലയ സമുദായം ആരുടേയും വോട്ട് ബാങ്കല്ലെന്നും ഭാവി രാഷ്‌ട്രീയത്തില്‍ ഇതിനെതിരെയുള്ള വിധിയെഴുത്ത് ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
















