തിരുവനന്തപുരം: എന്തു വില കൊടുത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി ഇനി വൈകിക്കുന്ന പ്രശ്നമില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്ന പദ്ധതിയെങ്കില്‍ 25 വര്‍ഷം മുന്‍പ് നടപ്പാക്കാന്‍ കഴിയുമായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി അദാനിക്ക് തന്നെ നല്കാന് ധാരണയായോ എന്ന ചോദ്യത്തിന് ടെന്‍ഡര്‍ നല്‍കാത്ത മറ്റാര്‍ക്കെങ്കിലും നല്കാന് കഴിയുമോ എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം തന്നെ സുതാര്യമായിരിക്കണം, സംസ്ഥാനത്തിന്റെ താല്പര്യം പൂര്‍ണമായി സംരക്ഷിക്കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്. അതിനോട് സര്‍ക്കാര്‍ പൂര്‍ണമായി യോജിക്കുന്നു. കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം ആവശ്യപ്പെട്ട എല്ലാ രേഖകളും ഇപ്പോള്‍ നല്കാന് കഴിയില്ല. ചില രേഖകള്‍ കരാര്‍ ഒപ്പിട്ട ശേഷം മാത്രമേ നല്കാന് കഴിയൂ. മുന്‍ സര്‍ക്കാര്‍ തയാറാക്കിയ കരാറിലെ വ്യവസ്ഥകളേക്കാള്‍ മികച്ചതാണ് പുതിയ കരാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി അട്ടിമറിച്ചത് കോണ്‍ഗ്രസ് ആണെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. അതേസമയം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സര്‍വകക്ഷി യോഗത്തില്‍ ആവര്‍ത്തിച്ചു.
പദ്ധതിക്കായി അദാനി ഗ്രൂപ്പ് അടക്കം മൂന്ന് കമ്പനികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അദാനിക്ക് പദ്ധതി നല്കാന് തീരുമാനിച്ചത്. അദാനിക്ക് നല്‍കുന്നത് തുറമുഖ ലൈസന്‍സ് മാത്രമാണ്. ഒരിഞ്ചു ഭൂമി പോലും അവര്‍ക്ക് നല്‍കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: