കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് മുന്‍ ഡയറക്ടറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.വി. ശിവാനന്ദന്‍ ആചാരി സര്‍വകലാശാലയുടെ രജിസ്ട്രാറായി ചുമതലയേറ്റു. ഏപ്രില്‍ 29ന് ഡോ. മീര വി. രജിസ്ട്രാര്‍ പദവിയോഴിഞ്ഞതിനാലാണ് ഡോ. ആചാരിയെ നിയമിച്ചത്.
കുസാറ്റില്‍ 23 വര്‍ഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയമുള്ള അക്കാദമിക വിദഗ്ധനായ ഡോ. ആചാരി, ഫാക്കല്‍റ്റി ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് മേധാവി, യുജിസി-എസ്എപി-ഡിആര്‍എ റിസര്‍ച്ച് പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, വ്യവസായ നിര്‍ദിഷ്ട പാരിസ്ഥിതിക വിഷയങ്ങളില്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ നിന്നും എംഎസ്‌സി അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഡോ. ആചാരി എംഫില്‍, പിഎച്ച്ഡി നേടിയ ശേഷം നെതര്‍ലന്‍ഡ്‌സിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെല്‍ഫ്റ്റില്‍ നിന്ന് രണ്ട് തവണ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി.
12 പിഎച്ച്ഡികള്‍ക്ക് മെന്ററായി പ്രവര്‍ത്തിച്ചു. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ ഉന്നതതല ഗവേഷണം സാധ്യമാക്കുന്ന നിരവധി ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 2004 ലെ സുനാമിക്ക് ശേഷം കേരള തീരത്ത് സുനാമിയുടെ ആഘാതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സുപ്രധാന ഗവേഷണം നിരവധി പിഎച്ച്ഡികള്‍ സാധ്യമാക്കി. കാര്‍ബണ്‍, സുഷിര വസ്തുക്കള്‍, എന്നീ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കാര്യക്ഷമത പരിശോധിക്കുന്നതിനായി ഫിസിക്കല്‍ കെമ്‌സ്ട്രിയില്‍ ജോണ്‍-ശിവാനന്ദന്‍ ആചാരി എന്ന സമവാക്യം കണ്ടുപിടിച്ചു. സ്വന്തം പേരില്‍ സമവാക്യം ഉള്ള സംസ്ഥാനത്തെ ഏക അക്കാദമിക വിദഗ്ധനാണ്. കൊല്ലം പത്തനാപുരം സ്വദേശിയായ ഡോ. ആചാരി, പി. കെ. വേലായുധന്‍ ആചാരിയുടെയും, സി.തങ്കമ്മാളിന്റെയും മകനാണ്. ഭാര്യ ഡോ. വി.ആര്‍. ബിന്ദുമോള്‍ മട്ടാഞ്ചേരി വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റലിലെ അനസ്‌തേഷ്യ കണ്‍സള്‍ട്ടന്റാണ്. ആദിത്യശ്രീ ഹരികേശവ് ആചാരി (രണ്ടാം വര്‍ഷ ബിടെക് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥി, രാജഗിരി), ആദിത്യശ്രീറാം ശിവദേവ് ആചാരി (പ്ലസ് ടു, ചിന്മയ വിദ്യാലയ,തൃപ്പൂണിത്തുറ) എന്നിവരാണ് മക്കള്‍. മരടിലാണ് താമസം.











