ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 4 കോടി ജനതയാണ് ഇറാനില്‍ സമ്മതിദാനം വിനിയോഗിക്കുന്നത്. ഉച്ചയോടെ അന്തിമഫലം വ്യക്തമായേക്കും.
ഇറാന്‍ പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് തുടങ്ങിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പന്ത്രണ്ട് മണിയ്‌ക്കാണ്. ആഭ്യന്തരമന്ത്രാലയം ഇക്കുറി ആറ് മണിക്കൂറാണ് വോട്ട് രേഖപ്പെടുത്താന്‍ അധികം അനുവദിച്ചത്. പോളിംഗ് പൂര്‍ത്തിയായതിന് ശേഷവും പല ബൂത്തുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പോളിംഗ് അവസാനിച്ചയുടന്‍ തന്നെ വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞു. മിതവാദിയായി അറിയപ്പെടുന്ന നിലവിലെ പ്രസിഡന്റ് ഹസന്‍ റുഹാനിയും ഇസ്ലാം പുരോഹിതനും യാഥാസ്ഥിതിക വാദിയുമായ ഇബ്രാഹിം റെയ്‌സിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. ആകെ നാല് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
കനത്ത പോളിംഗ് റുഹാനിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തുന്നത്. 1985 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം രണ്ടാമതും ജനവിധി തേടുന്ന സിറ്റിംങ് പ്രസിഡന്റുമാര്‍ ജയിക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ മിതവാദിയായ ഹസ്സന്‍ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഹസ്സന്‍ റൂഹാനിയും ഇബ്രാഹിം റൈസിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും മുസ്തഫ മിര്‍സലിമും മുസ്തഫ ഹഷെമിതാബയും ശക്തമായി രംഗത്തുണ്ട്. 50 ശതമാനം വോട്ട് നേടാന്‍ ആര്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ഈ മാസം 26ന് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടക്കും.
















