ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യോമസേനാംഗങ്ങള്‍ സര്‍വ സജ്ജരായിരിക്കാന്‍ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദേശം.
നിര്‍ദേശം കിട്ടിയാലുടന്‍ സൈനിക നീക്കത്തിന് തയാറെടുത്തിരിക്കണമെന്ന് വ്യോമസേനയിലെ 12,000 ത്തോളം ഓഫീസര്‍മാര്‍ക്കും പ്രത്യേകം അയച്ച കത്തിലാല്‍ ധനോവ ആവശ്യപ്പെട്ടു. ഇതിനുവേണ്ട പരിശീലനവും ഒരുക്കങ്ങളും ഉടന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
ഇതാദ്യമായാണ് ഒരു വ്യോമസേനാ മേധാവി ഓരോ ഓഫീസര്‍ക്കും പ്രത്യേകം കത്തയക്കുന്നത്. മാര്‍ച്ച് 30 നാണ് കത്തയച്ചിരിക്കുന്നത്. വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ മുമ്പ് പലപ്പോഴും വ്യോമസേനയ്‌ക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടുള്ളകാര്യം വ്യോമസേനാ മേധാവി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതില്‍ വ്യോമസേനാംഗങ്ങള്‍ പിന്നോട്ട് പോകരുതെന്ന് കത്തില്‍ നിര്‍ദേശമുണ്ട്. സ്വജനപക്ഷപാതവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളും ഒരുതരത്തിലും അംഗീകരിക്കില്ലെന്നും വ്യോമസേനാ മേധാവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ വ്യോമസേനാ വക്താവ് തയാറായിട്ടില്ല.
കരസേന മേധാവിമാരായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ 1950ലും ജനറല്‍ കെ സുന്ദര്‍ജി 1986ലും കരസേനാ ഉദ്യോഗസ്ഥര്‍ക്ക് സമാനമായ കത്ത് എഴുതിയിട്ടുണ്ട്.
















