ന്യൂദല്‍ഹി: വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്. ദ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നായിക്കിന് പൗരത്വം നല്കാന് സൗദി രാജകുടുംബം തന്നെ മുന്‍ കൈയെടുത്തുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
സക്കീറിന് മലേഷ്യന്‍ പൗരത്വം ലഭിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മലേഷ്യ ഇത് തള്ളിയിരുന്നു.
സക്കീര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ നവംബറിലാണ് സക്കീറിനെതിരെ ദേശീയ അന്വഷണ ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഈ സമയത്ത് വിദേശ സന്ദര്‍ശനത്തിലായിരുന്ന സക്കീര്‍ നായിക് പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടില്ല.
സക്കീര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യുഎപിഎയുടെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര ചാനലായ പീസ് ടി.വി.യുമായി ഇസ്ലാമിക് ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. പീസ് ടി.വി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. സക്കീര്‍ നായിക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരരില്‍ ഒരാളായ രോഹന് ഇംതിയാസ് സക്കീര്‍ നായിക്കിന്റെ പ്രബോധനങ്ങള്‍ തന്നെ സ്വാധീനിച്ചതായി ഫെയ്സ് ബുക്കില്‍ വെളിപ്പെടുത്തിയതാണ് അന്വേഷണത്തിനിടയാക്കിയത്. വിദ്വേഷ പ്രസംഗം നടത്തുന്നു എന്നാരോപിച്ച് ബ്രിട്ടണ്, കാനഡ , മലേഷ്യ എന്നീ രാജ്യങ്ങള്‍ സക്കീര്‍ നായിക്കിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: